ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനും ഭക്തർക്ക് ദർശനവും താമസമുൾപ്പെടെയുള്ള അടിസ്ഥാന
സൗകര്യങ്ങളും ലഭ്യമാക്കുന്നതിനും വിവിധ പദ്ധതികളടങ്ങിയ ഭാവനാപൂർണമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത് ആവശ്യമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, റവന്യൂ (ദേവസ്വം)വകുപ്പ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുരുവായൂരിലെത്തുന്ന ഭക്തരുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. എല്ലാ ഭക്തർക്കും ദർശനം ഉറപ്പുവരുത്തണം. ഒരാൾക്ക് പോലും ദർശനം കിട്ടാതിരിക്കരുത്. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണം. ആന പരിപാലനം, ഗോശാല നവീകരണം എന്നിവ പരിഗണിക്കണം. ദേവസ്വം ആനകൾക്ക് ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കാൻ വനം വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. റവന്യു ദേവസ്വം വകുപ്പിൽ ഉള്ള ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് തൻ്റെ സാന്നിധ്യത്തിൽ ഫയൽ അദാലത്ത് നടത്തും. റവന്യൂ ദേവസ്വം സെക്രട്ടറി, ഗുരുവായൂർ ദേവസ്വം കമ്മീഷണർ എന്നിവർ ഫയൽ അദാലത്തിൽ പങ്കെടുക്കും. പദ്ധതി നടത്തിപ്പിനായി ദേവസ്വം ഭരണസമിതിക്ക് അനുമതി നൽകാവുന്ന സാമ്പത്തിക പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഉയർത്തുന്ന കാര്യം പരിഗണിക്കും. ബോർഡ് അംഗങളുടെ ഹോണറേറിയം, കാലാവധി കൂട്ടൽ തുടങ്ങിയവ സർക്കാരിൻ്റെ നയപരമായ കാര്യമാണ്. ഈ വിഷയം മന്ത്രിസഭയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി വി എൻവാസവൻ അറിയിച്ചു.
ദേവസ്വം അവലോകന യോഗത്തിൽ ചെയർമാൻ ഡോ വി കെ വിജയൻ സ്വാഗതം പറഞ്ഞു. എൻ കെ അക്ബർ എം എൽ എ, റവന്യൂ (ദേവസ്വം)സെക്രട്ടറി എം ജി രാജമാണിക്യം IAS, ദേവസ്വം കമ്മീഷണർ, ബിജു പ്രഭാകർ IAS , ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ പി കെ പദ്മകുമാർ, അഡീ പി എസ് ദീപു പി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, റവന്യൂ ദേവസ്വം അഡീ സെക്രട്ടറി ടി ആർ ജയപാൽ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്പ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് അവലോകന യോഗം തുടങ്ങിയത്.