ഗുരുവായൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം നിലവില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദ്ദേശിക്കുന്നതിനായി ജനകീയ സദസ്സ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.കെ അക്ബര്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയാലോചന യോഗം ചേര്‍ന്നു.
പഞ്ചായത്ത് തലത്തില്‍ ബസ് ഗതാഗതം ഇല്ലാത്ത റൂട്ടുകള്‍ കണ്ടെത്തി ആയതിന്‍റെ പ്രായോഗികത പരിശോധിച്ച് ജോയിന്‍റ് ആര് ടി ഒക്ക് സമര്‍പ്പിക്കുന്നതിന് നഗരസഭ അദ്ധ്യക്ഷര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും എം എല്‍ എ നിര്‍ദ്ദേശം നല്‍കി. ബസ് ഗതാഗതത്തിന് അനുയോജ്യമായ റോഡുകളുടെ പരിശോധന പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എഞ്ചിനീയര്‍മാരും തദ്ദേശസ്വയംഭരണ സ്ഥാപന എഞ്ചിനീയറും നടത്തേണ്ടതാണ്. ഒരാഴ്ചക്കകം പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് യാത്ര ക്ലേശമുള്ള റൂട്ടുകള്‍ കണ്ടെത്തി ആര്‍.ടി.ഒ ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. പഞ്ചായത്ത് / നഗരസഭ അദ്ധ്യക്ഷര്‍ വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ജൂലായ് 27 ന് ഗുരുവായൂര്‍ നഗരസഭ ഹാളില്‍ വെച്ച് ജനകീയ സദസ്സ് ചേരാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി അഷിദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി വി സുരേന്ദ്രന്‍, എന്‍ എം കെ നബീല്‍, വിജിത സന്തോഷ്, ജാസ്മിന്‍ ഷഹീര്‍, സ്വാലിഹ ഷൌക്കത്ത്, ഗീതു കണ്ണന്‍, ഗുരുവായൂര്‍ ജോയിന്‍റ് ആര് ടി ഓ പി എന് ശിവന്‍, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.