ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നെൻമിനി ശ്രീ ബലരാമ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയിടാൻ ആയിരങ്ങളെത്തി. പിതൃമോക്ഷാർത്ഥം ബലിയർപ്പിച്ച് ആത്മ സായൂജ്യം നേടിയായിരുന്നു ഭക്തരുടെ മടക്കം.
പുലർച്ചെ നാലുമണിയോടെ ബലി തർപ്പണത്തിനുള്ള ചടങ്ങുകൾ തുടങ്ങി. ഭക്തർക്ക് സുഗമമായി ബലി തർപ്പണം നടത്താൻ ഗുരുവായൂർ ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അധിക ജീവനക്കാരെയും നിയോഗിച്ചിരുന്നു.
വി സൂര്യനാരായണൻ എളയതിൻ്റെ കാർമ്മികത്വത്തിലായിരന്നു ബലിതർപ്പണ ചടങ്ങുകൾ. ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു. തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. കർക്കടക വാവു ബലി ദിനത്തിൽ ക്ഷേത്രത്തിൽ എത്തിയ ഭക്ത ജനങ്ങൾക്കെല്ലാം ഗുരുവായൂർ ദേവസ്വം ഭരണ സമിതി തീരുമാനപ്രകാരം പ്രഭാത ഭക്ഷണവും നൽകി.