ഗുരുവായൂർ: ഗുരുവായൂർ അഷ്ടമി രോഹിണിയുടെ രാധ – കൃഷ്ണനും ഗോപികമാരും തിരുപ്പതി ദേവസ്വത്തിൻ്റെ പ്രത്യേക ക്ഷണപ്രകാരം തിരുപ്പതി ബ്രഹ്മോത്സവത്തിലേക്ക്.
അഷ്ടമിരോഹിണി ദിവസം മമ്മിയൂർ ക്ഷേത്ര സന്നിധിയിൽ അരങ്ങേറിയ ഗോപികാ നൃത്തം, ഉറിയടി നൃത്തം, ഉറിയടിമേളം, താലപ്പൊലി എന്നിവയാണ് ഉണ്ടായിരുന്നത്. തിരുപ്പതി ദേവസ്വം ഭാരവാഹികൾ അഷ്ടമി രോഹിണി ദിവസം ഗുരുവായൂരിലെത്തിയിരുന്നു. ഗോപികാനൃത്തം കണ്ട് ഇഷ്ടപ്പെട്ട് വീഡിയോ എടുക്കുകയുമുണ്ടായിരുന്നു.
തിരുപ്പതി ദേവസ്വം ഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമായിരുന്നു ഗുരുവായൂരിലെ ആഘോഷ ക്കമ്മറ്റിക്കാരെ ദേവസ്വം ബോർഡ് ക്ഷണിച്ചത്. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആഘോഷങ്ങളുണ്ട്.
കേരളത്തെ പ്രതിനിധാനം ചെയ്തുള്ള ആഘോഷം ഗോപികാനൃത്തവും ഉറിയടിയുമാണ്. കേരളം എന്നെഴുതിയ പ്ലക്കാർഡ് മുന്നിൽപ്പിടിക്കും. 150 പേരടങ്ങുന്ന കലാ സംഘം ഒക്ടോബർ അഞ്ചിന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുമെന്ന് കോഡിനേറ്റർ വി അച്യുതക്കുറുപ്പ് പറഞ്ഞു.
ബ്രഹ്മോത്സവം നടക്കുന്ന ആറ്, ഏഴ്, എട്ട് തീയതികളിൽ നൃത്ത പരിപാടികൾ അവതരിപ്പിക്കും. ഉറിയടിക്കുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് സംഘം പുറപ്പെടുക. തിരുപ്പതി ക്ഷേത്ര പരിസരത്ത് ഉറിക്കാൽ കുഴിച്ചിടാനും അലങ്കരിച്ച ഉറിക്കുടങ്ങൾ തൂക്കിയിടാനുമുള്ള പ്രവർത്തകർ രണ്ടു ദിവസം മുൻപേ യാത്രതിരിക്കും.