BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് വിവാഹങ്ങൾ; ദേവസ്വത്തിനിത് അഭിമാന മുഹൂർത്തം

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ 2024 സെപ്റ്റംബർ 8 ഞായറാഴ്ച 334 വിവാഹങ്ങൾ നടന്നു. ചരിത്രത്തിൽ ആദ്യമായാണ് ക്ഷേത്രത്തിൽ ഇത്രയും വിവാഹങ്ങൾ നടക്കുന്ന ദിവസം ഉണ്ടായിരിക്കുന്നത്. ചിങ്ങ മാസത്തിലെ അവസാന ഞായറാഴ്ചയും വിവാഹ മുഹൂർത്തവും ഉള്ളതിനാലുമാണ് ഏറെയും വിവാഹങ്ങൾ നടന്നത് ഇതൊരു റെക്കോഡാണ് 354 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത് . വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും ഒരുപോലെ വിവാഹം ശീട്ടാക്കിയത് കൊണ്ട് 20 എണ്ണത്തിന്റെ ഇരട്ടിപ്പ് വന്നതിനാൽ ആണ് 354 വിവാഹങ്ങളുടെ ബുക്കിങ് രേഖയിൽ വന്നത്.

പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് 12.35 വരെയായിരുന്നു വിവാഹങ്ങൾ നടന്നത്. സാധാരണ രാവിലെ അഞ്ചു മുതലാണ് കല്യാണങ്ങൾ ആരംഭിക്കാറ്. എണ്ണം കൂടിയതിനാലാണ് പുലർച്ചെ നാലു മുതലാക്കിയത്. ആറു വിവാഹ മണ്ഡപങ്ങളിലായി താലികെട്ട് നടന്നു. നിലവിൽ നാലു മണ്ഡപങ്ങളാണ് ഉള്ളത്. എന്നാൽ തിരക്ക് കാരണം ആറെണ്ണമാക്കുകയായിരുന്നു.

വിവാഹ സംഘങ്ങളെ ആദ്യം തെക്കേ നടയിലെ പന്തലിലേക്ക് പ്രവേശിപ്പിച്ചു. അവിടെ നിന്ന് ടോക്കൺ നൽകി. വധൂവരൻമാരും ബന്ധുക്കളും 4 ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേരെ ഊഴമനുസരിച്ച് മണ്ഡപങ്ങളിലേക്ക് വിട്ടു. താലികെട്ടിന് അഞ്ചു മിനിറ്റായിരുന്നു സമയം. ഒരേ സമയം ആറു മണ്ഡപങ്ങളിലും വിവാഹങ്ങൾ. താലികെട്ട് കഴിഞ്ഞ് വധൂവരൻമാർക്ക് ദീപസ്‌തംഭത്തിനു മുന്നിൽ ഒരു മിനിറ്റ് തൊഴാനുള്ള അവസരവും നൽകി. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ 49 കല്യാണങ്ങൾ നടന്നു. രാവിലെ എട്ടിനുള്ളിൽ 185 എണ്ണം കഴിഞ്ഞു. രാവിലെ എട്ടേകാൽ മുതൽ ഒമ്പതു വരെ പന്തീരടി പൂജയ്ക്കും 11.30 മുതൽ 12.30 വരെ നിവേദ്യത്തിനും ക്ഷേത്രനട അടച്ച സമയത്ത് വിവാഹങ്ങൾ ഉണ്ടായില്ല. എന്നാൽ രാവിലെ 11 ആകുമ്പോഴേയ്ക്കും 320 വിവാഹങ്ങൾ നടന്നിരുന്നു.

ഗുരുവായൂർ ദേവസ്വവും പോലീസും ചേർന്നുള്ള കൃത്യമായ മുന്നൊരുക്കവും ആസൂത്രണവും കാരണം ഇത്രയും വിവാഹങ്ങൾ സുഗമമായി നടത്താനായി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗം സി.മനോജ്, ഗുരുവായൂർ എ സി പി ടി പി സിനോജ് എന്നിവർ മുഴുവൻ സമയവും ക്ഷേത്രനടയിൽ മേൽനോട്ടത്തിന് ഉണ്ടായിരുന്നു. 100 പോലീസുകാർ, ദേവസ്വത്തിന്റെ 50 സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ദേവസ്വം ജീവനക്കാർ എന്നിവരും ചേർന്ന് പ്രവർത്തിച്ചു.

കൂടാതെ ക്രമീകരണങ്ങൾക്കായി ഗുരുവായൂർ നഗരസഭയുടെയും എം എൽ എ എൻ കെ അക്ബറിൻ്റെയും സജീവ ഇടപെടലുമുണ്ടായിരുന്നു. വിവാഹ രജിസ്ട്രേഷന് പ്രത്യേകമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. വിവാഹങ്ങളുടെ തിരക്ക് മാധ്യമ വാർത്തകളിൽ ദിവസങ്ങളായി വന്നതുകൊണ്ടാകാം, ക്ഷേത്രത്തിൽ ഞായറാഴ്ച്ച ഉച്ചവരെ ദർശനത്തിന് തിരക്ക് നന്നേ കുറവായിരുന്നു.

ഗുരുവായൂർ എ സി പി, ടി എസ് സിനോജിൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സേവന സജ്ജരായി ഭക്തർക്ക് സഹായമൊരുക്കി. പുലർച്ചെ തന്നെ പോലീസ് റോഡിൽ ഇറങ്ങിയതോടെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കും ഉണ്ടായില്ല പോലീസിനെ സഹായിക്കാൻ എൻ സി സി കേഡറ്റുകളും രംഗത്ത് ഉണ്ടായിരുന്നു

ഗുരുവായൂരിൻ്റെ ചരിത്രത്തിലാദ്യമായി കുറച്ച് സമയം കൊണ്ട് ഇത്രയും വിവാഹങ്ങൾ നടത്തുവാൻ വേണ്ട സൗകര്യങ്ങൾ വളരെ ഭംഗിയായും ചിട്ടയായും ഭക്തജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാതേയും സൗകര്യപ്രദമായും ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകിയ, ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ, അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, ദേവസ്വം ജീവനക്കാർ , പ്രവർത്തനങ്ങൾക്ക് കർശന നിർദ്ദേശങ്ങളോടെ ഗുരുവായൂരിൻ്റെ എം എൽ എ , നഗരസഭ ചെയർമാൻ , നഗരസഭ ഉദ്യോഗസ്ഥർ, പോലീസ് അധികാരികൾ എന്നിവർ അഭിനന്ദനമർഹിക്കുന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...