ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജിൽ 14 വയസുകാരൻ മരിക്കാനിടയായ അപകടത്തെ രാഷ്ട്രീയവത്ക്കരിച്ച് മുതലെടുക്കാനുള്ള നീക്കം കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്വമാണ്. അപകടത്തിൽ കുട്ടി മരിച്ച സംഭവം ഏറെ ഖേദകരമാണ്. ഇതിൽ ലോഡ്ജിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളെ കുറിച്ച് നഗരസഭ അന്വേഷിക്കുകയും നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയുമാണ്.
എന്നാൽ ഗുരുവായൂരിൽ ഒരു വിഷയങ്ങളും ഉന്നയിക്കാനില്ലാത്ത കോൺഗ്രസ് ഈ ദാരുണ സംഭവത്തെ തെരുവിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. കഴുകൻ മനസോടെയുള്ള ചില കോൺഗ്രസ് നേതാക്കളുടെ നീക്കം ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. അപകട മരണം ഉയർത്തിയുള്ള ഇപ്പോഴത്തെ സമര പ്രഹസനങ്ങളെ കോൺഗ്രസ് അണികൾ പോലും അംഗീകരിക്കുന്നില്ല. നഗരസഭ ഭരണത്തെയും സി പി ഐ എമ്മിനേയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ഗുരുവായൂരിലെ ജനത അംഗീകരിക്കുകയില്ല. കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുള്ള ലോഡ്ജുകളിൽ നേരത്തെ അപകടങ്ങൾ സംഭവിച്ചപ്പോഴൊന്നും അതിനെ രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം സി പി ഐ (എം) നടത്തിയിട്ടില്ലെന്ന് സമരത്തിന് മുൻനിരയിലുള്ളവർ ഓർക്കുന്നത് നല്ലതാണ്. എം എൽ എയുടെയും നഗരസഭ ഭരണത്തിൻ്റെയും മികവിൽ ഗുരുവായൂരിൽ തുടർന്നു വരുന്ന വികസനങ്ങളുടെ പ്രഭ കെടുത്താൻ കോൺഗ്രസിലെ ചിലർ ആവിഷ്കരിച്ച ഈ സമരാഭാസങ്ങൾക്കൊണ്ട് കഴിയില്ല.
ഒരു ബാലൻ്റെ അപകട മരണത്തിൽ പോലും രാഷ്ട്രീയ നേട്ടം ചികയുന്ന അധമ മനസുകളിൽ നിന്നാണ് ഇപ്പോഴത്തെ സമരാഭാസങ്ങളും പ്രസ്താവനകളും ഉടലെടുക്കുന്നതെന്ന് സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ആർ സൂരജ് അഭിപ്രായപ്പെട്ടു.