BEYOND THE GATEWAY

ശ്രീ ഗുരുവായൂരപ്പനെ കണ്ടു തൊഴുതു പുണ്യം നേടാൻ അന്തർജ്ജനങ്ങളെത്തി; അത്താഴ സദ്യ ഞായറാഴ്ച.

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പനെ കണ്ടു തൊഴുതു പുണ്യം നേടാൻ കന്നിമാസ ഭജനത്തിനായി ഗുരുവായൂർ കീഴ്ശാന്തി കുടുംബങ്ങളിൽ നിന്നും പതിവുപോലെ അന്തർജ്ജനങ്ങൾ എത്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭാരമേറിയ ജോലികളെല്ലാം കീഴ്ശാന്തിക്കാരുടെ ഉത്തരവാദിത്തമാണ്. നിവേദ്യം തയാറാക്കലും ആനപ്പുറം കയറലും, ചന്ദനം അരയ്ക്കലും ശ്രീലകത്തേക്ക് ആവശ്യമായ ഒരുക്കങ്ങൾ നടത്തലും ഉപേദവന്മാർക്ക് പൂജ ചെയ്യലും എല്ലാം. അഷ്ടമിരോഹിണി ദിവസം അത്താഴ പ്പൂജയ്ക്ക് 44,000 നെയ്യപ്പം നിവേദിക്കണം. തൃപ്പുത്തരിക്ക് മൂവായിരത്തിലേറെ നാളികേരം ചിരകി പാലെടുത്ത് പുത്തരി പായസം തയ്യാറാക്കി ഉച്ചപ്പൂജയ്ക്ക് നിവേദിക്കണം. തിരക്കുള്ള ദിവസങ്ങളിൽ ഏഴെട്ടു ലക്ഷം രൂപയുടെ പാൽപായസം വേണം. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ ഇതൊക്കെ അനായാസേന നടക്കുന്നതിനു പിമ്പിൽ 

13 കീഴ്‌ശാന്തി ഇല്ലങ്ങളിലെ നൂറ്റമ്പതോളം പേരുടെ സമർപ്പണവും അധ്വാനവുമുണ്ട്.

എന്നാൽ തങ്ങൾക്കൊപ്പം പ്രവൃത്തിചെയ്യാൻ കണ്ണനുമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ഓരോ മാസവും ലഭിക്കുന്ന പ്രവർത്തിപ്പണത്തിൽ ഒരു വിഹിതം കണ്ണനു മാറ്റിവയ്ക്കുന്നു. കന്നിമാസം ഒന്നുമുതൽ 12 വരെ സകുടുംബം കണ്ണനെ ഭജിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെ പരമാവധി സമയം ക്ഷേത്രത്തിൽ ജപിച്ചും തൊഴുതും കഴിയുന്നു. മാറ്റിവച്ച പണംകൊണ്ട് കന്നി 12ന് കണ്ണന് കാളനും പാലടയും വിശേഷ വിഭവങ്ങളായി അത്താഴം നേദിക്കുന്നു.

ഗുരുവായൂരിൽ കീഴ്ശാന്തിക്കാരായി കോഴിക്കോട് കാരശേരി ദേശത്തെ നമ്പൂതിരിമാരെ സാമൂതിരി നിയോഗിച്ചത്. 14 ഇല്ലക്കാർക്കായിരുന്നു ചുമതല. ഒരില്ലം അന്യം നിന്നു. അക്കാലത്തു കീഴ്ശാന്തി ഗുരുവായൂരിൽ സ്ഥിരതാമസമില്ല. 10 ദിവസത്തെ ഊഴത്തിന് എത്തി പ്രവൃത്തി ചെയ്തു മടങ്ങും അപ്പോഴേക്കും അടുത്ത 10 ദിവസത്തെ ഊഴക്കാർ എത്തും.

ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിൽ 100 നാരായം അരിയുടെ ഒരു വലിയ നമസ്കാര സദ്യ വഴിപാടു വന്നു. പെട്ടെന്ന് ആയതിനാൽ ഇതു തയ്യാറാക്കുന്നതെങ്ങനെയെന്ന ആശങ്കയിലായി കീഴ്ശാന്തിക്കാർ. പുലർച്ചെ നമസ്കാരസദ്യ ഒരുക്കുമ്പോൾ ഇവർക്കൊപ്പം മിടുക്കനായ ഒരുണ്ണിയും ചേർന്നു വേഗത്തിൽ സദ്യ തയാറാക്കി. ദക്ഷിണ വാങ്ങാൻ എല്ലാരും കുളിച്ചു വന്നു.

കുളിക്കാൻപോയ ഈ ഉണ്ണിയെ മാത്രം കാണാനില്ല. തിരഞ്ഞിട്ടും കാണാതായപ്പോൾ ആ ദക്ഷിണ മാറ്റിവച്ചു. അത് ഗുരുവായൂരപ്പനായിരുന്നു എന്നു കൂട്ടത്തിൽ ചിലർക്കു സ്വപ്നദർശനമുണ്ടായി. അന്നു മുതൽ വലിയ നമസ്‌കാരമുണ്ടായാൽ ഒരു വിഹിതം ഗുരുവായുരപ്പനു നൽകും. പിന്നീടു പ്രവൃത്തിപ്പണത്തിന്റെ വിഹിതം മാറ്റി വയ്ക്കുന്നതായി പതിവ്. അക്കാലം മുതൽ കന്നി മാസ ഭജനവും അത്താഴവും തുടങ്ങി. 

കീഴ്ശാന്തി കുടുംബങ്ങളുടെ 12 ദിവസത്തെ കന്നിമാസ ഭജന ശനിയാഴ്ച പൂർത്തിയാകും. സമാപന ദിനത്തിലാണ് രാത്രി അത്താഴസദ്യ നടത്താറ് ഇക്കുറി കന്നി 12ന് ഏകാദശിയാണ്. അതിനാൽ അത്താഴ സദ്യ ഞായറാഴ്ചയാണ്  നടക്കുക. അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ച ശേഷം അന്നലക്ഷ്മി ഹാളിൽ അത്താഴസദ്യ വിളമ്പും. വർഷത്തിൽ ഒരിക്കൽമാത്രം കീഴ്‌ശാന്തിക്കാരുടെ വകയായി നടക്കുന്ന വിശേഷസദ്യയാണിത്.

ഗുരുവായൂരിലെ കീഴ്ശാന്തി കുടുംബങ്ങളുടെ നിത്യസഹസ്രനാമ ഉപാസക ഭക്തസംഘടനയായ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടക്കുന്ന 1 2 ദിവസം നീണ്ടു നിൽക്കുന്ന ശ്രീ വിഷ്ണു‌ സഹസ്രനാമ മഹോത്സവം ഈ വർഷം,  2024 സെപ്റ്റംബർ 17 മുതൽ 28 കൂടിയ ദിവസങ്ങളിൽ (കന്നി 1- 12) സുവർണ്ണ ജൂബിലി ആഘോഷനിറവിൽ ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിൽ വച്ച് നടത്തുന്ന അഷ്ടോത്തര സഹസ്ര സഹസ്രനാമ ദ്വാദശാഹ യജ്ഞത്തിൽ വിവിധ സ്തോത്ര പാരായണ പ്രഭാഷണ പരിപാടികളോടെ ആഘോഷപൂർവ്വമാണ് നടന്നു കൊണ്ടിരിക്കുന്നത്. 12 ദിവസങ്ങളിലായി 1200ൽ പരം ഉരു വിഷ്‌ണു സഹസ്രനാമം പാരായണം ചെയ്യുന്ന  മഹായജ്ഞo ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടാണ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്. 

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...