ഗുരുവായൂര്‍ : പേരകം സപ്താഹ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത് സപ്താഹ യജ്ഞം, യജ്ഞാചാര്യന്‍ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഒക്ടോബർ 6 ഞായറാഴ്ച പേരകം ക്ഷേത്ര സന്നിധിയിലെ യജ്ഞ വേദിയിൽ തിരിതെളിയും. രാവിലെ 6 മണിയ്ക്ക് പേരകം മാതൃസമിതിയുടെ സമ്പൂര്‍ണ്ണ രാമായണ പാരായണത്തോടെ ആരംഭിയ്ക്കുന്ന യജ്ഞത്തിന്, 9 മണി മുതല്‍ കലവറ നിറയ്ക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും.
വൈകീട്ട് മുതുവട്ടൂര്‍ ശ്രീ ചെറ്റിയാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് യജ്ഞ വേദിയിലേയ്ക്ക് ഭാഗവത ഗ്രന്ഥത്തോടും, യജ്ഞ വേദിയിൽ പ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹത്തോടും കൂടിയുള്ള ഘോഷയാത്ര ആരംഭിയ്ക്കും. ഘോഷയാത്ര എത്തിചേര്‍ന്നതിന് ശേഷം, 4.15 ന് ദൊഡു മഠത്തില്‍ ബാലചന്ദ്രന്‍ എമ്പ്രാന്തിരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
റിട്ട ഡി വൈ എസ് പി കെ ബി സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ശ്രീരാമവര്‍മ്മ തിരുമുല്‍പ്പാട്, മോഹന്‍ദാസ് ചേലനാട്, മാധ്യമ പ്രവര്‍ത്തകരായ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കെ.സി. ശിവദാസന്‍, ക്ഷേത്രസംരക്ഷണ സമിതി തൃശ്ശൂര്‍ ജില്ല ഖജാന്‍ജി പി.ആര്‍. നാരായണന്‍ തുടങ്ങിയവര്‍ സംസാരിയ്ക്കും.
കവി രാധാകൃഷ്ണന്‍ മാസ്റ്റര്‍ കാക്കശ്ശേരി, ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരി, സുരാസ് പേരകം, എം. രാധ പുന്ന എന്നിവരെ ചടങ്ങില്‍ ആദരിയ്ക്കും. തിങ്കളാഴ്ച്ച കാലത്ത് 6 മണിയ്ക്ക് വിഷ്ണു സഹസ്രനാമത്തോടെ ആരംഭിയ്ക്കുന്ന സപ്താഹയജ്ഞം എല്ലാദിവസവും വൈകീട്ട് ദീപാരാധനയോടെ അവസാനിയ്ക്കും. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരിയ്ക്കും. 13ന് ഞായറാഴ്ച്ച യജ്ഞവേദിയിലെ ആചാര്യ സമര്‍പ്പണത്തോടെ 8 ദിവസം നീണ്ടുനില്‍ക്കുന്ന സപ്താഹയജ്ഞത്തിന് സമാപനമാകും.
സപ്താഹം നടക്കുന്ന എട്ട് ദിവസവും നാലുനേരമായി അന്നദാനവും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സപ്താഹ കമ്മറ്റി പ്രസിഡണ്ട് ബാബു കളത്തില്‍, വൈസ് പ്രസിഡണ്ടുമാരായ കെ.പി സഹദേവന്‍ തറയില്‍, കെ പി പ്രിയ, ഖജാന്‍ജി ബാലസുബ്രഹ്മണ്യന്‍ തെക്കേപുരയ്ക്കല്‍, ജോ: സെക്രട്ടറി ബേബി കരുപ്പൂര്‍, കെ ആര്‍ ചന്ദ്രന്‍ ഭാസ്‌ക്കരന്‍ കളത്തുപുറത്ത് എന്നിവര്‍ അറിയിച്ചു