ഗുരുവായൂർ: 2024 വർഷത്തെ ശബരിമല സീസൺ കാലത്ത് ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വച്ച് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ മാസ്റ്റർ, കൗൺസിലർ കെ പി ഉദയൻ , നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, റവന്യു ഓഫീസർ ബിന്ദു വി ജെ, സൂപ്രണ്ട് ദിലീപന്‍ എം ജി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
കൗൺസിലർമാർ, വ്യാപാരി വ്യവസായി സംഘടനകൾ, കെ.എച്ച്.ആർ.എ പ്രതിനിധികൾ, ലോഡ്ജ് ഓണേഴ്സ് പ്രതിനിധികൾ, ഓട്ടോ & ടാക്സി പ്രതിനിധികൾ, പോലീസ്, കെ.എസ്ഇബി, വാട്ടർ അതോറിറ്റി, ദേവസ്വം, അലോപ്പതി, ആയുർവ്വേദം, ഹോമിയോ, കുടുംബശ്രീ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കെടുത്തു.
ട്രാഫിക് സംവിധാനങ്ങൾ കുറ്റമറ്റതാക്കുക, കിഴക്കേ നടയിൽ ടൂ വീലർ പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കും, ടോയ്ലറ്റ് സംവിധാനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കും, പോലീസ് സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കും,
ഗുരുവായൂരിലെത്തുന്ന തീർത്ഥാടകർക്ക് ആരോഗ്യ പരിരക്ഷ ഒരുക്കുന്നതിനായി വൃശ്ചികം 1 മുതൽ മണ്ഡലകാലം അവസാനിക്കുന്നത് വരെ നഗരസഭ ഓഫീസ് പരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവർത്തിക്കുന്നതായിരിക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ , സിംഗിൾ യൂസ് സാധനങ്ങൾ തുടങ്ങിയവരുടെ വില്പനയും ഉപയോഗവും പൂർണ്ണമായും നിരോധിക്കും. ശബരിമല മണ്ഡല മകരവിളക്ക് സീസൺ മികവുറ്റ രീതിയിൽ നടത്തുന്നതിനായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അഭ്യർത്ഥിച്ചു.