ഗുരുവായൂർ : ക്ഷീരോൽപാദനത്തിന്റെ അനുബന്ധ തൊഴിൽ എന്നതിനുമപ്പുറം വരുമാനമേകുന്ന വിളയായി തീറ്റപ്പുല്ല് മാറുകയാണ്. തീറ്റപ്പുല്ല് ആവശ്യാനുസരണം ലഭ്യമാക്കുന്ന ഒരു വിപണി ലക്ഷ്യമിട്ട് തീറ്റപ്പുൽ സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ക്ഷീരവികസന വകുപ്പും ഗുരുവായൂർ നഗരസഭയും.
ഉൽപാദന മേഖലയിൽ കൂടുതൽ കർഷകരെ ആകർഷിക്കുന്നതിനും ക്ഷീര മേഖലയിൽ നിലനിൽക്കുന്ന ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. കേരള സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും ഗുരുവായൂർ നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും സംയുക്ത ആഭിമുഖ്യത്തിൽ 41ാം വാർഡിൽ റോബി, ജോഷി എന്നിവരുടെ 1.70 ഏക്കർ കൃഷി സ്ഥലത്തിൽ ആരംഭിച്ച തീറ്റപ്പുൽ കൃഷി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി അനിഷ്മ ഷനോജ് ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ എം ഷെഫീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ദിവ്യ സജി സ്വാഗതം പറഞ്ഞു. ക്ഷീര വികസന ഓഫീസർ വിധു പദ്ധതി വിശദീകരണം നടത്തി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എൻജിനീയർ അബി റ്റി എസ് നന്ദി പറഞ്ഞു.