എന്റെ ബാല്യത്തിൽ എപ്പോഴാണ് ഉണ്ണിക്കണ്ണൻ എന്റെ കണ്ണിനു പൂത്തിരിയായതെന്ന് കൃത്യമായി ഓർമ്മയില്ല. ആദ്യം മനസ്സിൽ പതിഞ്ഞ ചിത്രം ചുവപ്പിൽ മഞ്ഞയാണോ, വെള്ളയാണോ, എന്നറിയില്ല കുഞ്ഞു പുള്ളികളുള്ള ഒരു ഉടുപ്പ് ധരിച്ച, മുട്ടിൽ ഇഴയുന്ന ഒരു ഉണ്ണി. ഇടതു കൈ തറയിൽ ഊന്നി വലതു കയ്യിൽ ഒരു ലഡ്ഡു പിടിച്ചു കൊണ്ട്, കരുണയും ശാന്തിയും നിറഞ്ഞ ഒരു നോട്ടം കാണുന്നവരിലേക്ക് എറിഞ്ഞു കൊണ്ടുള്ള ഒരു ദിവ്യകൈശോര രൂപം. അന്ന് എല്ലായിടത്തും ആ രൂപമാണ് ചിത്രങ്ങളിൽ കണ്ടിട്ടുള്ളത്. ആർക്കും ഓടിച്ചെന്നു വാരിയെടുത്ത് മാറോടു ചേർക്കാൻ തോന്നുന്ന രൂപം.
പിന്നീട് അമ്മയും അമ്മുമ്മയും പറഞ്ഞു തന്ന കണ്ണന്റെ ഒട്ടേറെ കഥകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഈ ഭൂമിയിൽ ഭംഗിയുള്ളത് എന്തൊക്കെയുണ്ടോ അതെല്ലാം കണ്ണൻ. ഉണ്ണിക്കണ്ണനായി, ഗോകുലപാലനായി, വെണ്ണക്കള്ളനായി, ചേലക്കള്ളനായി, മുരളീധരനായി, ഗോപികമാരുടെ തോഴനായി, രാധയുടെ പ്രണയമായി, രുഗ്മിണിയുടെ പതിയായി,പാരിന്റെ നാഥനായി, മീരയുടെ ദേവനായി, മഞ്ജുളയുടെ കാലിച്ചെറുക്കനായി, യാശോദാമ്മയുടെ പൊന്നുണ്ണിയായി… എത്രയോ ചിത്രങ്ങൾ.
കാലങ്ങൾക്ക് ശേഷം ഇന്ന് ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുമ്പോൾ ഈ അടുത്ത കാലത്താണ് ആർട്ടിസ്റ്റ് നന്ദൻപിള്ളയുടെ വിരൽ തുമ്പിൽ പിറന്ന കണ്ണനെ കണ്ടു തുടങ്ങിയത്, ആദ്യം അത്രക്കങ്ങു മനസ്സിൽ തട്ടിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം… കാടുപിടിച്ച മുടിയും, വലിയ കണ്ണുകളും അല്പം ഉരുണ്ട ശരീരവും മനസ്സിൽ കയറാൻ ഒന്ന് മടിച്ചു.. പക്ഷെ, ആ ചിത്രത്തോട് ചേർത്ത്, ആർട്ടിസ്റ്റ് നന്ദൻ പിള്ള തന്നെ എഴുതുന്ന കുഞ്ഞിക്കുറുമ്പുകൾ, വരയിലെ ഭാവങ്ങൾ പതിയെ പതിയെ ആ രൂപത്തെ മനസ്സിലേക്ക് കൊണ്ടുവന്നു.. ആ കേശഭാരവും ഉണ്ടക്കണ്ണിലെ തിളക്കവും ഉരുണ്ട മേനിയും നിത്യജീവിതത്തിന്റെ ഒരു ഭാഗമായി.. രാവിലെ ഫോൺ കയ്യിലെടുക്കുന്നത് തന്നെ ആ കുസൃതിയെ കാണാനാണ്. ഇന്ന് എന്ത് കുറുമ്പാണോ ഉണ്ണി കാണിക്കുന്നത് എന്ന ചിന്തയിലാണ് അത് തുറക്കുക…
ഗുരുവായൂരിൽ കണ്ണന്റെ അമ്മയുടെ സ്ഥാനമാണല്ലോ മേൽശാന്തിക്ക്… ആ അമ്മ പീലിത്തണ്ടെടുത്തു എപ്പോഴാണോ ആ കുഞ്ഞിതുടയിൽ ഒന്ന് കൊടുക്കുക എന്ന പേടിയും തോന്നും ആ ഉണ്ണി എത്രയോ പേരുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയി എനിക്ക് മുന്നിൽ എത്തുന്നുണ്ട്… എന്റെ വാട്സ്ആപ്പ് മ്യൂസിക് ഗ്രൂപ്പിൽ, ഏറ്റവും ആവശ്യക്കാർ ഈ ചിത്രത്തിനു വേണ്ടിയാണ്.. അല്പം വൈകിയാൽ കുട്ടിക്കുറുമ്പൻ എവിടെ ചേച്ചി എന്ന ചോദ്യങ്ങളായി…
ഗുരുവായൂർ കണ്ണനെ കാണാൻ കൊതിതോന്നി പടിഞ്ഞാറേ നടയിൽ വണ്ടിയിൽ ചെന്നിറങ്ങി വീൽചെയറിൽ നടക്കലെത്തി അല്പം ദൂരെ നിന്ന് ആർത്തിയോടെ നോക്കുമ്പോൾ മിന്നിക്കത്തുന്ന വിളക്കുകൾ മാത്രമേ കാണു.. ആ വിളക്കുകൾക്ക് പിറകിൽ മറയും എന്റെ പൊന്നുണ്ണി… ശ്രീകോവിലിനടുത്തു ചെല്ലാൻ എന്റെ കാലിനും ശരീരത്തിനും ബലമില്ലെന്നു അറിയാതെയല്ല, ഈ ഒളിച്ചു കളി.. എന്റെ സഹനശീലത്തെ പരീക്ഷിക്കുകയാണ്…അപ്പോൾ ഞാനും പറയും എനിക്ക് നിന്നെയല്ലേ കണ്ണാ കാണാൻ കഴിയതെയുള്ളു.. നീ എന്നെ കാണുന്നുണ്ടല്ലോ… അതുമതി.. പിന്നെ മനസ്സ് നിറഞ്ഞു നിൽപ്പുണ്ടല്ലോ നീയെന്റെ പൊന്നുണ്ണീ … ഇന്ന് ഞാൻ എവിടെ തിരഞ്ഞാലും കാണുന്നുണ്ടല്ലോ കുഞ്ഞേ നിന്നെ.
ആർട്ടിസ്റ്റ് ശ്രീ നന്ദൻ പിള്ളയോട്, താങ്കളുടെ വിരലുകൾ സുകൃതം ചെയ്തവയാണ്.. അതുപോലെ ഓരോ കുസൃതിയും അങ്ങയുടെ മനസ്സിൽ തോന്നിപ്പിക്കുന്നതും കണ്ണനാണ്… ഇനിയെന്തു വേണം? ഭഗവാന്റെ ലീലാവിലാസങ്ങൾ, വരക്കുവാൻ.. അതിനെ വാക്കുകളിൽ കുറിക്കുമ്പോൾ.. താങ്കൾ അറിയുന്നില്ല… അത് കാണുവാനായി, വായിക്കുവാനായി കാത്തിരിക്കുന്ന ഒട്ടേറെ പേരെ…. അതുതന്നെയാകട്ടെ താങ്കളുടെ ജന്മസാഫല്യം. സ്നേഹത്തോടെ,
ഷീലപദ്മനാഭൻ, (തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ PWD സ്ഥിരം സമിതി അധ്യക്ഷ, ഗവ. മോഡൽ ഹൈ സ്കൂൾ അയ്യന്തോൾ ഒ എസ് എ സ്ഥാപക സെക്രട്ടറി. ഇപ്പോൾ വടക്കാഞ്ചേരി മുണ്ടത്തിക്കോട് താമസം.)