ഗുരുവായൂർ: ശ്രീനാരായണ ഗുരുവിൻ്റെ സഹയാത്രികനും ആദ്യകാല സന്ന്യാസി ശിഷ്യന്മാരിൽ പ്രധാനിയും കവിയും ഗ്രന്ഥകാരനുമായിരുന്ന ബ്രഹ്മശ്രീ ശിവലിംഗദാസ സ്വാമികളുടെ 165-ാം ജന്മദിനാഘോഷം, 2024 നവംബർ 9ന് ശനിയാഴ്ച സ്വാമികളുടെ സമാധി സ്ഥലമായ ചാവക്കാട് വിശ്വനാഥ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും ഗുരുവായൂർ, ആലുവ, വാത്മീകിക്കുന്ന് തീർത്ഥയാത്ര ഉദ്ഘാടനവും ആലുവ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മശ്രീ ധർമ്മചൈതന്യസ്വാമികൾ നിർവ്വഹിച്ചു.
ഗുരുധർമ്മ പ്രചരണസഭ ശിവഗിരി കേന്ദ്രകമ്മിറ്റി അംഗവും മാള എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റുമായ പി കെ സാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗുരുദേവൻ മാസിക ചീഫ് എഡിറ്റർ പി എസ് ഓംകാർ മുഖ്യപ്രഭാഷണം നടത്തി. ആലുവ എസ് എൻ ഡി പി യൂണിയൻ കമ്മിറ്റി അംഗം മധു എളവൂർ സ്വാഗതം ആശംസിച്ചു. അഖില സിനോജ് മുഖ്യാതിഥിയായി. ശിവലിംഗദാസ സ്വാമികളുടെ മുഖ്യകൃതികളെ സംബന്ധിച്ചുള്ള പഠന ക്ലാസ്സ്, വിശ്വഗുരു ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം ഫാക്കൽറ്റി അംഗം അഡ്വ അമ്പിളി ഹാരിസ് പാലക്കാട് നിർവ്വഹിച്ചു.
ഗുരുവായൂർ – ചാവക്കാട് ശിവലിംഗദാസ സ്വാമി സമാധിസ്ഥലം, ആലുവ അദ്വൈതാശ്രമം, സഹോദരനയ്യപ്പൻ സ്‌മാരകം- വാത്മീകിക്കുന്ന് എന്നിവിടങ്ങളിലേക്കുള്ള തീർത്ഥയാത്രാ പദ്ധതിയെപ്പറ്റി ടെമ്പിൾട്രി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ സുരേഷ് കൃഷ്‌ണ വിശദീകരിച്ചു. വിശ്വനാഥ ക്ഷേത്രം പ്രസിഡന്റ് പ്രധാൻ കെ നന്ദി പറഞ്ഞു. തീർത്ഥയാത്രയെ കുറിക്കുള്ള കൂടുതൽ വിവരങ്ങൾക്ക് ഗുരുവേൾഡ് ശിവഗിരി പി ഒ, കൊല്ലം 8714470279 ബന്ധപ്പെടാവുന്നതാണ്.