BEYOND THE GATEWAY

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി പദ്മശ്രീ കുമാരി എ കന്യാകുമാരിക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന 2024ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ പ്രതിഭ സംഗീത കലാനിധി  പദ്മശ്രീ കുമാരി എ കന്യാകുമാരിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി  വയലിൻ വാദന രംഗത്തിന് നൽകിയ സമഗ്ര, സംഭാവനയ്ക്കാണ് പുരസ്കാരം. ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച്, (നവംബർ 26 ന് വൈകുന്നേരം ) പുരസ്കാരം സമ്മാനിക്കും. 

വയലിൻ വാദന മേഖലയിൽ നൽകിയ നിസ്തുല സംഭാവന കണക്കിലെടുത്ത് 2015ൽ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു. 2016ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി അംഗീകാരവും ലഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച കുമാരി എ കന്യാകുമാരി ഇപ്പോൾ ചെന്നൈയിലാണ് താമസം.

ചെയർമാൻ ഡോ വി കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുരസ്കാർഹയെ തീരുമാനിച്ചത്.  പ്രശസ്ത വയലിൻ വിദ്വാൻമാരായ ഈശ്വര വർമ്മ ,ടി എച്ച് സുബ്രഹ്മണ്യം, ദേവസ്വം ഭരണസമിതി അംഗം സി മനോജ്  എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.

2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണ് ( വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്. 20ാമത്തെ പുരസ്കാരമാണ് കുമാരി എ കന്യാകുമാരിയെ തേടിയെത്തിയത്. ഭരണസമിതി യോഗത്തിൽ അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥ്, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ  യോഗത്തിൽ സന്നിഹിതരായി.

➤ ALSO READ

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽപ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ...