രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭം. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ. പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 4 ശതമാനം കുറവ്. ഈ നാല് ശതമാനത്തിലാണ് മുന്നണികളുടെ നെഞ്ചിടിപ്പ്.പോളിങ് കുറഞ്ഞ വയനാട്ടിൽ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതിൽ മാത്രമാണ് ആകാംക്ഷ.ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് പാലക്കാട്ടെ മൂന്ന് മുന്നണികളും.
ചേലക്കര ഉപതെരഞ്ഞെടുപ്പ്; നാളെ രാവിലെ എട്ടരയോടെ ആദ്യഫലം
ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജനറല്‍ ഒബ്സര്‍വര്‍ മുജീബുര്‍ റഹ്മാന്‍ ഖാന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സന്ദര്‍ശിച്ചു. എല്ലാവിധ സജ്ജീകരണങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. കൗണ്ടിങ് കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണം തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും പരിശോധിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പതിനാലു ടേബിളും എണ്ണിക്കഴിഞ്ഞാല്‍ ഓരോ റൗണ്ടിലേയും ഫലം ജനറല്‍ ഒബ്സര്‍വറുടെ അനുമതിയോടെ പ്രഖ്യാപിക്കും. 20 മിനിറ്റില്‍ ഓരോ റൗണ്ടിലേയും വോട്ടുനില പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ ഏഴരയ്ക്ക് സ്ട്രോങ് റൂം തുറക്കും. എട്ടുമണി മുതല്‍ വോട്ടെണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യഫലങ്ങള്‍ അറിയാം.
പാലക്കാട് വിജയം ഉറപ്പെന്ന് NDA സ്ഥാനാർഥി സി കൃഷ്ണകുമാർ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ.
കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് ബിജെപിയുടെ സംഘടന കെട്ടുറപ്പിനെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത് എന്നും സി കൃഷ്ണകുമാർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകം; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ BJP യുടെ പ്രതീക്ഷ
മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാണ് നാളത്തെ ഉപതെരഞ്ഞെടുപ്പ് ഫലം. വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലങ്ങളെ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലം രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളാണ് ആകാംക്ഷ ഉയരാൻ കാരണം. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സർക്കാരിനും എൽഡിഎഫിന് മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ ചേലക്കരയിൽ ജയിക്കുകയും പാലക്കാട് നല്ല വോട്ട് നേട്ടം ഉണ്ടായേ മതിയാകു.