സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യുകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. അതേസമയം കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് ട്വന്റിഫോറിന്റെ പേരിൽ വ്യാജ പ്രചരണം നടന്നു. നിലവിൽ ജില്ലാ കളക്ടർ കോഴിക്കോട് ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടില്ല.
വടക്കൻകേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്നലെ രാത്രി മുതൽ മഴ ശക്തമായത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഇന്നലെ രാത്രിയും ഇന്ന് പകലും പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രിമാരായ കെ രാജനും എം ബി രാജേഷും അറിയിച്ചു.