ഗുരുവായൂർ: ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മമാണവും, ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്ള ചാവക്കാട് മുതല്‍ ചാട്ടുകുളം വരെയുള്ള 5.875 കി മീ റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ചും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളിലെ ജനപ്രതിനിധികള്‍, പൊതുമരാമത്ത് റോഡ്, പാലം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ഗുരുവായൂര്‍ എം എല്‍ എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൌസില്‍ ചേര്‍ന്നു.
ചാവക്കാട് മുതല്‍ ചാട്ടുകുളം വരെ വരുന്ന സംസ്ഥാന പാത വളരെ വീതി കുറഞ്ഞതായതിനാലും മമ്മിയൂരില്‍ വലിയ ട്രാഫിക്ക് തടസ്സം നേരിടുന്നതിനാലും യാത്രക്കാര്‍ക്ക് വളരെയധികം പ്രയാസം നേരിടുകയാണ്. ശബരിമല മണ്ഡല- മകരവിളക്ക് സീസണിലും ഗുരുവായൂരിലെ ഏകാദശി ഉത്സവ സീസണുകളിലും ഈ റോഡിലൂടെയുള്ള ഗതാഗതം വളരെ ശ്രമകരമാണ്. ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ ഈ വിഷയം സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ചാട്ടുകുളം- ചാവക്കാട് റോഡ് വീതികൂട്ടുന്നതിനും മമ്മിയൂര്‍ ഫ്ലൈ ഓവര്‍നിര്‍മ്മിക്കുന്നതിനും പ്രാഥമിക അംഗീകാരം നല്‍കിയിട്ടുള്ളത്. 22 മീറ്ററില്‍ നാലുവരിയായാണ് ചാട്ടുകുളം മുതല്‍ ചാവക്കാട് വരെ വീതികൂട്ടുന്നത്. ഇതിന്‍റെ ഭാഗമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതും കല്ലിടല്‍ നടപടി ആരംഭിക്കേണ്ടതുമുണ്ട്. ഗുരുവായൂര്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കുന്നതിനും മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനും ധാരണയായി. ഇത് സംബന്ധിച്ച സ്ഥല ഉടമകളുടെ യോഗം ജനുവരി ആദ്യവാരത്തില്‍ ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളിലായി നടത്തുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം കൃഷ്ണദാസ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്സി എഞ്ചിനീയര്‍ എസ് ഹരീഷ്, അസി എക്സി എഞ്ചിനീയര്‍ ആന്‍റണി, ചാവക്കാട് നഗരസഭ സെക്രട്ടറി ആകാശ്, നഗരസഭ എഞ്ചിനീയര്‍മാരായ റിഷ്മ, ലീല എന്നിവരും പൊതുമരാമത്ത് റോഡ്, പാലം വിഭാഗങ്ങളിലെ അസി എഞ്ചിനീയര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.