BEYOND THE GATEWAY

പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ ഗാനം മുടക്കി പൊലീസ്. 

ചാവക്കാട്: പാലയൂർ സെൻ്റ് തോമസ് മേജർ ആക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി ചാവക്കാട് പോലീസ്. പള്ളി വളപ്പിൽ കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. നിർദ്ദേശം ലംഘിച്ച് കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് ചാവക്കാട് വിജിത്ത് കെ വിജയൻ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചു. 

ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർഷങ്ങളിലും 9 മണി മുതൽ ഒരു മണിക്കൂർ നീളുന്ന കരോൾ ഗാനം നടക്കാറുണ്ട്. ഈ കരോൾ ഗാനമാണ് ഇത്തവണ പോലീസ് അലങ്കോലമാക്കിയത്. ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് പള്ളി വളപ്പിൽ കാരോൾ ഗാനം മൈക്കിൽ പാടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. നിർദ്ദേശം ലംഘിച്ചാൽ തൂക്കിയെടുത്തെറിയുമെന്ന് ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചു. ഇതോടെ പള്ളി അധികൃതർ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് പരിപാടി നടത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സമ്മതം മൂളിയെങ്കിലും സമയം ഏറെ വൈകിയതിനാൽ പരിപാടി നടത്താനായില്ല. ഇതോടെ ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം മുടങ്ങിയെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാൻ സീറോ മലബാർ സഭ തലവൻ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകാനാണ് തീരുമാനം.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....