BEYOND THE GATEWAY

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം.

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.

തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു.

ചേന്ദമംഗലത്തെ പാലിയം സ്കൂൾ, ആലുവ സെൻറ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1958 ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി 1966-ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...