ഗുരുവായൂർ: ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്ന പി ജയചന്ദ്രന്റെ അവസാന പൊതുപരിപാടിയും ആദരവും ഗുരുവായൂരില്‍ വച്ചായിരുന്നു എന്നത് മറ്റൊരു യാദൃച്ഛികതയാണ്.
നവംബര്‍ 24 ന് ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് പി ജയചന്ദ്രൻ ഗുരുവായൂർ എത്തിയത്. ഗുരുവായൂരപ്പന്റെ ക്ഷണമായി കരുതി അവശതകള്‍ക്കിടയിലും എത്തിയ ജയചന്ദ്രന്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേദിയിൽ വെച്ച് ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം… എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചപ്പോള്‍ ഭക്തര്‍ നിറ കൈയടിയോടെയാണ് ആ ഗാനമാധുരി ഏറ്റുവാങ്ങിയത്. അന്ന് ഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദര്‍ശന സായൂജ്യം നേടിയ ശേഷം പ്രസാദ ഊട്ടും കഴിച്ചായിരുന്നു ഗുരുവായൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം.

ജനുവരി 4 നാണ് ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എന്ന ദൃശ്യാവിഷ്കാരത്തോടെ, സാമൂഹിക സാംസ്കാരിക സംഘടനയായ ദൃശ്യ ഗുരുവായൂർ ഭാവ ഗായകൻ പി ജയചന്ദ്രനെ ‘ഭാവഗീതി’ പുരസ്ക്കാരം നൽകി ആദരിച്ചത്. ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ജയചന്ദ്രൻ്റെ മകൻ ശ്രീ ദിനനാഥിന് ഫലകവും, പ്രശസ്തി പത്രവും, 25000 ക യും പൊന്നാടയും സമ്മാനിച്ചതും ഗുരുവായൂരിൽ തന്നെ.
ശ്രീഗുരുവായൂരപ്പനേയും ഗുരുവായൂര്‍ ക്ഷേത്രത്തെയും പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ അനശ്വര ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.