ഗുരുവായൂർ: ഗുരുവായൂരിലെ പ്രസിദ്ധമായ മഞ്ജുളാൽ തറ നവീകരണത്തിൻ്റെ ഭാഗമായി ഗരുഡ പ്രതിമ മാറ്റി. നവീകരണത്തിൻ്റെ ഭാഗമായി വെങ്കലത്തിൽ തീർത്ത ഗരുഡ പ്രതിമ സ്ഥാപിക്കാനാണ് നിലവിലുണ്ടായിരുന്ന പ്രതിമ നീക്കിയത്. കേടുപാടുകൾ ഉണ്ടാകാതെ ശ്രദ്ധയോടെ ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ നീക്കിയത്.

ഗരുഡനെ മാറ്റുന്നതിന് സാക്ഷിയാകാൻ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവരടക്കം നിരവധി പേരെത്തിയിരുന്നു.
എട്ട് അടി ഉയരവും 16 അടി വീതിയുമുള്ള വെങ്കല പ്രതിമയാണ് നവീകരണത്തിൻ്റെ ഭാഗമായി സ്ഥാപിക്കുന്നത്. കരിങ്കല്ലിൽ കൂടുതൽ ബലമുള്ള തറ കെട്ടിയാണ് പുതിയ പ്രതിമ സ്ഥാപിക്കുക. ഗരുഡ ശില്പത്തിന് സമീപം പൂമാല എടുത്ത് നിൽക്കുന്ന കുട്ടിയായ മഞ്ജുളയുടെ ശില്പവും ഒരുക്കുന്നുണ്ട്. ഉണ്ണി കാനായിയാണ് ശിൽപങ്ങൾ നിർമിക്കുന്നത്. വേണു കുന്നപിള്ളിയാണ് വഴിപാടായി മഞ്ജുളാൽത്തറ നവീകരിച്ച് ശിൽപം സ്ഥാപിക്കുന്നത്.
രണ്ട് മാസത്തിനകം നവീകരണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. നേരത്തെ ഉണ്ടായിരുന്നത് സിമൻറിലുള്ള പ്രതിമയായിരുന്നു. ഈ പ്രതിമ ഗുരുവായൂർ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നിലാണ് മാറ്റി സ്ഥാപിക്കുക.