ഗുരുവായൂർ: ശൈവ മന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ പരിപാവനമായ വസോർധാരയോടെ നാലാം അതിരുദ്ര യജ്ഞത്തിന് വേണ്ടിയുള്ള മൂന്നാം മഹാരുദ്ര യജ്ഞത്തിന് സമാപനമായി.
യജ്ഞപുണ്യം നുകരാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. 11 വെള്ളിക്കലശ കുടങ്ങളിൽ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാൽ, തൈര്, തേൻ, കരിമ്പിൻ നീര്, ചെറുനാരങ്ങ നീര്, ഇളനീർ, അഷ്ടഗന്ധ ജലം, എന്നിവ ശ്രീരുദ്രമന്ത്ര ജപത്താൽ ചൈതന്യമാക്കിയ ശേഷമായിരുന്നു രുദ്രാഭിഷേകം.11 ദിവസങ്ങളിലായി നടന്ന അഭിഷേകങ്ങളിൽ 121 കലശക്കുടങ്ങളാണ് മഹാദേവന് അഭിഷേകം ചെയ്യപ്പെട്ടത്. ധാരമുറിയാതെ ഹോമകുണ്ഠത്തിലേക്ക് ശുദ്ധമായ പശുവിൻ നെയ്യ് ഹോമിക്കുന്ന ചടങ്ങായ വസോർധാരയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങ്. വസോർധാരക്കും അഭിഷേകത്തിനും ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം നൽകി.

നാഗക്കാവിലെ നാഗപ്പാട്ട്, നാവോർപ്പാട്ട്, സർപ്പബലി എന്നിവക്കും സമാപനമായി. സാംസ്കാരി പരിപാടികളുടെ ഭാഗമായി രാവിലെ ശുകപുരം ദിലീപും സംഘവും അവതരിപ്പിച്ച ആൽത്തറ മേളം, നടരാജ മണ്ഡപത്തിൽ തിരുവന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണ ഭാരതം ബാലെയോടെ സാംസ്കാരിക പരിപാടികളുടെ തിരശ്ശീല വീണു. മഹാരുദ്ര യജ്ഞത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് നടന്ന പ്രസാദ ഊട്ടിന് 3000-ൽ പരം പേർ പങ്കെടുത്തു.