ഗുരുവായൂർ: മകര സംക്രമ ദിനത്തിൽ ഗുരുവായൂരപ്പനു മുന്നിൽ വാദ്യ പ്രതിഭകളുടെ എണ്ണം പറഞ്ഞ താള പെരുക്കത്തിന്റെ അകമ്പടിയിൽ തിരുവെങ്കിടം ഭഗവതി വെളിച്ചപ്പെട്ട് മകരചൊവ്വ ആരവമുയർത്തി വാദ്യസേവ നടത്തി ഒത്ത് ചേർന്നു.

ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര കീഴക്കെ ഗോപുര പരിസരത്ത് വാദ്യപ്രതിഭകളായ കോട്ടപ്പടി സന്തോഷ് മാരാർ, ഷൺമുഖൻ തെച്ചിയിൽ, ഗുരുവായൂർ ജയപ്രകാശ്, കേശവദാസ് ഗുരുവായൂർ, അജയൻ താമരയൂർ, ശശി കണ്ണത്ത്, അനിരുദ്ധ് ഗുരുവായൂർ, പ്രഭാകരൻ മൂത്തേടത്ത്, ഉണ്ണികൃഷ്ണൻ എടവന ഗുരുവായൂർ സുരേഷ്, ഹരീഷ് ഗുരുവായൂർ, ടി ശിവൻ എന്നിവർ തീർത്ത മേളത്തിന്റെ നെറുകയിൽ കോമരം ചൊവ്വല്ലൂർ ശ്രീധരൻ വെളിച്ചപ്പെട്ട് പൂക്കുല കുറ്റികളുടെയും, വിളക്ക് പിടിയുടെയും നിറവിൽ ഗുരുവായൂരപ്പന് മുന്നിൽ സേവ നടത്തി. ഇടത്തരികത്ത് കാവ് ഭഗവതിയെ കണ്ട് പരസ്പര അനുഗ്രഹവർഷം ചൊരിഞ്ഞ് കൊണ്ട് സേവ സമർപ്പണം പൂർത്തിയാക്കി.

രണ്ട് മണിക്കൂർ നീണ്ടുനിന്ന മേളത്തിലും, ദേശപ്പറ ആഘോഷത്തിലും ഭക്തജന പങ്കാളിത്ത നിറവുമുണ്ടായിരുന്നു. പരിപാടിയ്ക്ക് ശശി വാറണാട്ട്, രാജു കലാനിലയം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, വിജയകുമാർ അകമ്പടി, ദേവീദാസൻ എടവന എന്നിവർ നേതൃത്വം നൽകി. ജനുവരി 14 ന് ചൊവ്വാഴ്ച്ചയാണ് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം.