BEYOND THE GATEWAY

ഗുരുവായൂരിൽ കല്യാണ മേളം; ഞായറാഴ്ച 248  വിവാഹങ്ങൾ, ക്രമീകരണമൊരുക്കി ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 19 ഞായറാഴ്ച 248 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ  ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.

വിവാഹങ്ങൾ പുലർച്ചെ 5 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ :- സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 5 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ   ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം  മംഗളവാദ്യസംഘത്തെയും നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിൻ്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ  24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ദർശന ക്രമീകരണം:- ക്ഷേത്രത്തിൽ അന്നേ ദിവസം ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും

ശയനപ്രദക്ഷിണം ഉണ്ടാകില്ല :- ഭക്തർക്ക് സുഗമമായ ദർശനമൊരുക്കുന്നതിനായി നാളെ ഞായറാഴ്ച ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

സുരക്ഷയ്ക്ക് കൂടുതൽ പോലീസ് :- ക്ഷേത്ര, ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും ‘ കരുതലും സഹായവുമൊരുക്കി ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം കൂടുതൽ പോലീസും ഉണ്ടാകും 

ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...