കൽപ്പറ്റ: മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.