തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ അമൃത് ഫണ്ടിൽ നിന്ന് രണ്ടര കോടി ഉപയോഗിച്ച് നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി റവന്യൂ മന്ത്രി രാജനെ നിശ്ചയിച്ചത് കടുത്ത പ്രോട്ടോകോൾ ലംഘനവും രാഷ്ട്രീയ അല്പത്തരവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ.
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിന് ശേഷം രണ്ടാം തവണയാണ് ഗുരുവായൂർ നഗരസഭ പ്രോട്ടോകോൾ ലംഘനം നടത്തുന്നത്. പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രി പത്താം റാങ്കും സംസ്ഥാന മന്ത്രി 15-ാം റാങ്കും ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഗുരുവായൂർ നഗരസഭ സുരേഷ് ഗോപിയെ മറികടന്ന് മന്ത്രി രാജനെ ഉദ്ഘാടകനാക്കിയതെന്ന് നഗരസഭ ചെയർമാൻ വിശദീകരിക്കണം. ഉദ്ഘാടന തീയ്യതിയും ഉദ്ഘാടകനെയും നിശ്ചയിച്ചതിന് ശേഷമാണ് സുരേഷ് ഗോപിയെ ചടങ്ങിന് ക്ഷണിച്ചത്. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രമന്ത്രിയോട് പുലർത്തുന്ന അയിത്തം നന്ദികേടാണ്. കോടിക്കണക്കിന് രൂപ ഗുരുവായൂരിൻ്റെ വികസനത്തിന് വേണ്ടി അമൃത് – പ്രസാദ് പദ്ധതികളിലൂടെ അനുവദിച്ച കേന്ദ്ര സർക്കാരിനോടുള്ള നന്ദികേട് ജനങ്ങൾ ജനങ്ങൾ തിരിച്ചറിയണം. തൃശ്ശൂരിൽ നിന്നുള്ള ലോകസഭാംഗവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയോടുള്ള അവഗണന അദ്ദേഹത്തെ ജയിപ്പിച്ച തൃശ്ശൂർകാരോടുള്ള വെല്ലുവിളിയാണ്. പ്രോട്ടോകോൾ ലംഘനം നടത്തിയ പരിപാടിയിൽ പങ്കെടുത്ത് പ്രതിസന്ധിയുണ്ടാക്കാനോ ജനങ്ങളിൽ അനാവശ്യ ചർച്ചയും തർക്കങ്ങളും ഉണ്ടാക്കാനോ താൽപര്യമില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാന്യമായ നിലപാടാണ് കുത്സിത രാഷ്ടീയക്കാർക്കുള്ള മറുപടിയെന്നും അഡ്വ കെ കെ അനീഷ്കുമാർ പറഞ്ഞു.