BEYOND THE GATEWAY

ഗുരുവായൂർ നഗരസഭ “സർഗോത്സവം” ഭിന്ന ശേഷി കലാമേള ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വ്യത്യസ്ത കഴിവുകളുള്ളവർക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഗുരുവായൂർ നഗരസഭ സർഗോത്സവം എന്ന പേരിൽ  ജനകീയ ആസൂത്രണം വഴി നടപ്പിലാക്കുന്ന ഭിന്നശേഷി കലോത്സവം ടൗൺഹാളിൽ അരങ്ങേറി.

പ്രശസ്ത സിനിമാതാരവും കാരിക്കേച്ചർ അവതാരകനുമായ ജയരാജ് വാര്യർ  കലോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എ എം ഷഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, കൗൺസിലർ കെ പി ഉദയൻ ആശംസകൾ നേർന്നു സംസാരിച്ചു.

ഷജീന ഗുരുവായൂരിന്‍റെ ചിറകൊച്ചകൾ എന്ന കവിത സമാഹരണത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് നഗരസഭ ചെയർമാൻ  എം കൃഷ്ണദാസും ജയരാജ് വാര്യരും സംയുക്തമായി നിർവഹിച്ചു. സ്പെഷ്യൽ സ്കൂൾ കലാമത്സരങ്ങളിൽ പങ്കെടുത്ത്  വിജയിച്ച വിദ്യാർത്ഥികളെ സദസ്സിൽ മൊമെന്റോ നൽകി  അനുമോദിച്ചു. ഇൻസൈറ്റ് സ്കൂൾ, ബിആർസി സ്പെഷ്യൽ സ്കൂൾ, 43 വാർഡുകളിൽ നിന്നുമായി എത്തിച്ചേർന്നവർ ഉൾപ്പെടെ 25 ഇനങ്ങളിലായി 150 ഓളം കലാകാരന്മാർ കലോത്സവത്തിൽ അണിനിരന്നു.

ഫാൻസി ഡ്രസ്സ്, നൃത്ത- സംഗീതം, ഒപ്പന, മിമിക്രി, മോണോ ആക്ട്,നാടോടി നൃത്തം, കിച്ചൻ ഡാൻസ് എന്നിവ കലോത്സവത്തിലെ ആകർഷക  ഇനങ്ങളായിരുന്നു. കലോത്സവത്തിൽ പങ്കാളിയായ  മുഴുവൻ പേർക്കും നഗരസഭ വക  മൊമെന്റേയും കൂടാതെ പ്രത്യേക ഉപഹാരവും സമ്മാനമായി നൽകി. നഗരസഭ കൗൺസിലർമാർ, അംഗൻവാടി ടീച്ചേഴ്സ്, പ്രേരക്മാർ, ആശാവർക്കേഴ്സ്, പൊതുജനങ്ങൾ അടക്കമുള്ള വൻ ജനാവലി  കലോത്സവത്തിന് സാക്ഷിയായി. കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും, ആരോഗ്യ വകുപ്പിന്റെ  ഫസ്റ്റ് എയ്ഡ് ബൂത്ത് എന്നിവ തയ്യാറാക്കിയിരുന്നു, എൽ സി ഡി എസ് സൂപ്പർവൈസർ ഷീജ വിൻസന്റ് നന്ദി രേഖപ്പെടുത്തി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...