ഗുരുവായൂർ: യാത്രാ ക്ലേശത്തിന്റെ തുരുത്തിൽ അകപ്പെട്ട് തീർത്തും ഒറ്റപ്പെട്ട് പോയ തിരുവെങ്കിടം പ്രദേശവാസികൾക്കും, വടക്കോട്ടുള്ളവർക്കും യഥാർത്ഥ യാത്രാ പരിഹാരമായി വിഭാവനം ചെയ്ത് തുടക്കം കുറിച്ച തിരുവെങ്കിടം അടിപ്പാത എത്രയും വേഗം തടസ്സങ്ങൾ മാറ്റി യഥാർത്ഥ്യമാക്കണമെന്ന് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
അടിപ്പാതയുമായി പുതിയതായി റെയിൽ വെബോർഡ് മുന്നോട്ട് വെച്ച നിർദ്ദേശം പരിഗണിച്ചാണെങ്കിൽ പോലും ഉടൻ പ്രായോഗികമാക്കണമെന്നും യാത്രാ ക്ലേശത്തിൽ വലയുന്ന പ്രദേശവാസികളെ ഇതിലൂടെ രക്ഷിയ്ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഗുരുവായൂരിലെ നിലവിലെ ട്രാഫിക് സംവിധാനം താളം തെറ്റി തിരക്കുള്ള ദിനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിച്ച് കാൽ നട പോലും സാദ്ധ്യമാക്കാത്ത വിധത്തിൽ മാറപ്പെടുന്ന അവസ്ഥയിൽ വ്യക്തമായ നിർദ്ദേശങ്ങളും, ചിട്ടയായ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി സുഗമമാക്കി വന്നെത്തുന്നവർക്കും, തദ്ദേശവാസികൾക്കും പ്രയോജനകമായ വിധം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതുപോലെ മമ്മിയൂരിലെ വീർപ്പ് മുട്ടിക്കുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ശാശ്വത പരിഹാരമായി ഫ്ലൈ ഓവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും, പഞ്ചാരമുക്ക് മമ്മിയൂർ റോഡിന്റെ വീഥി കൂട്ടി സൗകര്യ സഞ്ചാര പ്രദമാക്കണമെന്നും കൂടി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബിന്റെ 2025- 2027 വർഷത്തെ പുതിയ ഭാരവാഹികളായി ബാലൻ വാറണാട്ട് (പ്രസിഡണ്ട്), പി മുരളീധര കൈമൾ (വൈസ് പ്രസിഡണ്ട്), രവികുമാർ കാഞ്ഞുള്ളി (സെക്രട്ടറി), രാജീവ് മോഹനൻ (ജോയിന്റ് സെക്രട്ടറി), നന്ദകുമാർ കാറത്ത് (ഖജാൻജി) എന്നിവരെയും ഭരണ സമിതി അംഗങ്ങളായി ശശി വാറണാട്ട്, ചന്ദ്രൻ ചങ്കത്ത്, വിനോദ് കുമാർ അകമ്പടി, ജോതിദാസ് കൂടത്തിങ്കൽ, സ്റ്റീഫൻ ജോസ്, ശശിധരൻ അകമ്പടി, രഘു മൂത്തേടത്ത്, ആന്റോ നീലങ്കാവിൽ, രഞ്ജിത് പാലിയത്ത്, മിഗ്നേഷ് മോഹൻ എന്നിവരെയും തിരെഞ്ഞെടുത്തു.