ഗുരുവായൂർ: സ്റ്റേറ്റ് ഹൈവേ ആയ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ഗുരുവായൂര്‍ മണ്ഡലത്തിലെ ഭാഗമായ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന്‍റെയും മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണവും സംബന്ധിച്ച് റോഡിന് ഇരുവശവുമുള്ള സ്ഥല ഉടമകളുടെ യോഗം ഗുരുവായൂര്‍ നഗരസഭ സെകുലര്‍ ഹാളില്‍ ചേര്‍ന്നു. ഗുരുവായൂര്‍ നഗരസഭ പരിധിയിലുള്ള സ്ഥലഉടമകളുടെ യോഗമാണ് ബുധനാഴ്ച ചേര്‍ന്നത്.
31 ന് വെള്ളിയാഴ്ച ചാവക്കാട് നഗരസഭ പരിധിയിലെ സ്ഥല ഉടമകളുടെ യോഗം ചാവക്കാട് നഗരസഭ ഹാളില്‍ ചേരുന്നതാണ്. ഗുരുവായൂര്‍ എം.എല്‍.എ എന്‍ കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഗുരുവായൂര്‍ നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൌണ്‍സിലര്‍മാര്‍ , പൊതുമരാമത്ത് റോഡ് എക്സി എഞ്ചിനീയര്‍ ഹരീഷ്, ചാവക്കാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍, പൊതുമരാമത്ത് പാലം വിഭാഗത്തിലെയും റോഡ് വിഭാഗത്തിലെയും എഞ്ചിനീയര്‍മാര്‍ , നഗരസഭ ഉദ്യോഗസ്ഥര്‍, സ്ഥലഉടമകള്‍ എന്നിവര്‍ പങ്കെടുത്തു.
വീതി കൂട്ടുന്ന റോഡിന്‍റെ അലൈന്‍മെന്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുമരാമത്ത് എക്സി എഞ്ചിനീയര്‍ ഹരീഷ് വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഡെപ്യൂട്ടി തഹസില്‍ദാറും മേല്‍പ്പാലം സംബന്ധിച്ച വിശദാശങ്ങള്‍ പാലം വിഭാഗം അസി എഞ്ചിനീയര്‍ സംഗീതയും വിശദമാക്കി. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ചാവക്കാട് – വടക്കാഞ്ചേരി റോഡ് വീതികൂട്ടേണ്ടതിന്‍റെ ആവശ്യകതയും അനുദിനം വളരുന്ന ഗുരുവായൂര്‍ നഗരത്തില്‍ മമ്മിയൂര്‍ ഫ്ലൈഓവറിന്‍റെ അത്യാവശ്യവും എം എല്‍ എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ഥലം ഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും എം എല്‍ എ വ്യക്തമാക്കി. റോഡ് വീതികൂട്ടുന്നതിന്‍റെ ഭാഗമായി സര്‍വ്വേ നടപടി പൂര്‍ത്തീകരിച്ച ഇടങ്ങളില്‍ കല്ലിടുന്നതിനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.