ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെ ത്തുന്ന വി വി ഐ പികൾക്ക് ഇനി ഗുരുവായൂരിൽ തന്നെ ഹെലികോപ്റ്ററിൽ വന്നിറങ്ങാം. ക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ മാത്രം ദൂരമുള്ള ആന്ധ്രാ പാർക്കിലെ ബഹുനില പാർക്കിങ് സമുച്ചയത്തിൽ ഹെലിപാഡ് നിർമിക്കുകയാണു ഗുരുവായൂർ നഗരസഭ.
വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ എം കൃഷ്ണദാസ് ഹെലിപാഡ് പദ്ധതിയ്ക്കും പച്ചക്കൊടി വീശി. ഇതിൻ്റെ നിർമാണത്തിന് സമഗ്ര പദ്ധതി രേഖ തയ്യാറാക്കാൻ നഗരസഭാ യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽനിന്ന് അഞ്ചു കിലോമീറ്ററിലേറെ ദൂരമുള്ള ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടാണ് ഗുരുവായൂരിലെ ഇപ്പോഴത്തെ ഹെലിപാഡ്. ഇവിടെ വന്നിറങ്ങുന്ന വി വി ഐ പികൾ ക്ഷേത്രത്തിൽ വന്ന് തിരിച്ചുപോകുന്നതു വരെ അത്രയും ദൂരം കനത്ത സുരക്ഷയാണ് വേണ്ടി വരുന്നത്. ക്ഷേത്രത്തിനടുത്ത് പുതിയ ഹെലിപാഡ് വരുമ്പോൾ ആ പ്രശ്നത്തിന് പരിഹാരമാകും.
ഗുരുവായുരിൽ വിവിധ സ്ഥലങ്ങളിൽ ഹെ ലിപാഡ് പദ്ധതികൾ മുന്നോട്ടു വയ്ക്കുകയും സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു. അതൊന്നും പിന്നീട് ചർച്ച ചെയ്തില്ല. അമൃത് പദ്ധതി പ്രകാരം ബഹുനില പാർക്കിങ് സമുച്ചയം പണിയുമ്പോൾത്തന്നെ ഹെലിപാഡ് എന്ന ആശയം മുന്നിൽക്കണ്ടിരുന്നെന്ന് ചെയർമാൻ പറഞ്ഞു. ഇപ്പോൾ അഞ്ചു നിലയാണു പാർക്കിങ് സമുച്ചയം. ഇനി രണ്ടു നിലകൂടി പണിയും. ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ചർച്ചയുണ്ടായി.