ഗുരുവായൂർ: ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ രണ്ട് അതിരുദ്ര മഹായജ്ഞങ്ങൾക്ക് ശേഷം തുടർച്ചയായി നടന്നു വരുന്ന ആറാം മഹാരുദ്രയജ്ഞം 2025 ഫെബ്രുവരി 1 ശനിയാഴ്ച തുടക്കമായി. 11 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഫെബ്രുവരി 11 ന് വിശിഷ്ടമായ വസോർധാര ഉൾപ്പെടെയുള്ള ചടങ്ങുകളോടെ പര്യവസാനിക്കും.
ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് 11 ദ്രവ്യങ്ങൾ വെള്ളി കുംഭങ്ങളിൽ വേദമന്ത്രോച്ചാരണങ്ങളോടെ മഹാദേവന് അഭിഷേകം ചെയ്തു. പ്രത്യേകം അലങ്കരിച്ച യജ്ഞമണ്ഡപത്തിൽ കീഴിയേടം രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശ്രീരുദ്രജപം ആരംഭിച്ചു. അഭിഷേകത്തിനു ശേഷം ഉച്ചപ്പൂജയും തന്ത്രി നിർവഹിച്ചു. ഗുരുവായൂർ ശിവ കൃഷ്ണ മാതൃ സമിതിയുടെ നാരായണീയ പാരായണവും, കാക്കശ്ശേരി രാധാകൃഷ്ണൻ്റെ ആദ്ധ്യാത്മിക പ്രഭാഷണവും നടന്നു. ക്ഷേത്ര വാതിൽ മാടത്തിൽ ശ്രീജ ബ്രാഹ്മണി അമ്മയുടെ ബ്രാഹ്മണിപ്പാട്ടും ഉണ്ടായി. ദർശനത്തിനു വന്ന ഭക്തജനങ്ങൾക്കെല്ലാം രാവിലെ ലഘു ഭക്ഷണവും അന്നദാനവും നൽകി.
ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ, സെക്രട്ടറി കെ രാമകൃഷ്ണൻ ഇളയത്, കെ സുധാകരൻ നമ്പ്യാർ, ഉഷ അച്യുതൻ, ആർ പരമേശ്വരൻ, താമരത്ത് ശിവദാസ്, ആലക്കൽ ജയറാം, ശ്രീധരപ്രഭു, ശങ്കരൻ നായർ, കെ ടി ആർ നമ്പീശൻ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് ദീപാരാധനക്ക് ശേഷം തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന തുടങ്ങിയവയും അരങ്ങേറി.
അഘോരമൂർത്തിയായ പെരുന്തട്ട തേവരുടെ അനുഗ്രഹത്തിനായി ക്ഷേത്രത്തിൽ നടക്കുന്ന മഹനീയമായ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നും ക്ഷേത്ര പരിപാലന സമിതി അഭ്യർത്ഥിച്ചു.