ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം തീരുത്തിക്കാട് പറമ്പിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ തീപ്പിടുത്തം. മാലിന്യ കൂമ്പാരങ്ങളും, ഉണങ്ങിയ പൊന്തക്കാടുകളിലുമാണ് തീ പടർന്നത്. ഗുരുവായൂരിൽ നിന്നും കുന്നംകുളത്തുനിനും 4 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഗുരുവായൂർ റെയിൽവേ സ്റ്റേഷനു സമീപത്താണ് ദേവസ്വത്തിൻ്റെ ഈ സ്ഥലം. അടുത്ത് വീടുകൾ ഉണ്ടെങ്കിലും ആളപായമൊന്നുമുണ്ടായിട്ടില്ല.
ഗുരുവായൂർ ദേവസ്വം സുപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന സ്ഥലമാണ് തീരുത്തിക്കാട്ട് പറമ്പ്. നിലവിൽ ഇത് ദേവസ്വത്തിൻ്റെ മാലിന്യങ്ങൾ തള്ളുന്ന സ്ഥലമായിരിക്കുകയാണ്. ഇതിനെതിരെ പരാതി നൽകിയിട്ടും ദേവസ്വം നടപടിയെടുക്കുന്നില്ലെന്നും, ശക്തമായ പ്രതിഷേധ പ്രവർത്തനം ആരംഭിക്കുമെന്ന് വാർഡ് കൗൺസിലറും പ്രതിപക്ഷ നേതാവുമായ കെ പി ഉദയൻ അഭിപ്രായപ്പെട്ടു.