ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന് ഓട്ടോണമസ് പദവി. ഏഴു പതിറ്റാണ്ടിൻ്റെ സ്ത്രീ ശാക്തീകരണത്തിന് ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന് സ്വയം ഭരണ പദവിയോടെ സപ്‌തതിയാഘോഷം നടക്കും. 2025 ഫെബ്രുവരി 11 ന് കോളേജ് ഡേ ദിനത്തിൽ ഒദ്യോഗികമായി ഓട്ടോണമസ് ആയി പ്രഖ്യാപനം നടത്തും.
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് എഴുപതാണ്ടുകളായി സ്ത്രീ ശാക്തീകരണം ഉറപ്പാക്കിയ പാരമ്പര്യമാണ് ലിറ്റിൽ ഫ്ളവർ കോളേജിനുള്ളത്, ജില്ലയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും പഴക്കം ചെന്ന വനിതാ വിദ്യാകേന്ദ്രങ്ങളിലൊന്നായ കോളേജിന് സപ്തതി ആഘോഷ വേളയിൽ ഓട്ടോണമസ് പദവി ലഭിച്ചത് അർഹിക്കുന്ന അംഗീകാരമാണിതെന്നും, കോളേജിൽ ആണ്കുട്ടികൾക്കും പ്രവേശനം നൽകുന്ന കാര്യത്തിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നു പ്രിന്‍സിപ്പാള്‍ സിസ്റ്റർ ഡോ ജെ ബിന്‍സി പറഞ്ഞു.
1955 ല്‍ എഫ് സി സി സന്ന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ കേവലം 72 വിദ്യാര്‍ത്ഥിനികളുമായി ആരംഭിച്ച കൊച്ചു കലാലയമാണ് ഇപ്പോള്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ സ്ഥാപനമായി മാറിയിരിക്കുന്നത്.
ഇന്ത്യയിലെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിക്കൊണ്ട്, ദേശീയതലത്തില്‍തന്നെ മുന്‍നിരയിലെത്താന്‍ കോളേജിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 2 പി എച്ച് ഡി ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് 9 പി ജി പ്രോഗ്രാമുകളും 15 യു ജി പ്രോഗ്രാമുകളും നല്‍കാന്‍ കഴിയുന്നുണ്ട്. മറ്റു കോളേജുകളില്‍ ഏറെയില്ലാത്ത തൊഴില്‍ സാധ്യത കൂടുതലുള്ള ബിവോക്, മള്‍ട്ടിമീഡിയ യു ജി, പി ജി പ്രോഗ്രാമുകള്‍ ഈ കലാലയത്തിന്റെ സവിശേഷതയാണ്. 4 വർഷ ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലൈബ്രറി സയൻസ് ഇൻഫോർമേഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ 31 മൈനർ കോഴ്സുകളും 14 മൾട്ടി ഡിസിപ്ലിനറി കോഴ്സുകളും നൽകിവരുന്നു. ഏറെ തൊഴിൽസാധ്യതയും കാലത്തിന് അനുയോജ്യവുമായ എ ഐ സി റ്റി ഇ അംഗീകാരമുള്ള ബി ബി എ തുടങ്ങിയ കോഴ്സുകളിലൂടെ പുതിയ സാധ്യതകളാണ് കോളേജ് ഒരുക്കുന്നത്.
നാക് അക്രഡിറ്റേഷനില്‍ ഇടം നേടാനാകാത്ത കോളേജുകള്‍ക്ക് മാര്‍ഗ്ഗ ദര്‍ശ്ശിയായും മെന്റര്‍ സ്ഥാപനമായും യു ജി സി യുടെ പരാമര്‍ശ് സ്കീം വഴി ഈ കോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കീമിന്റെ ഭാഗമായ അന്‍സാര്‍ കോളേജിന് നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. തീരദേശ മേഖലകളിൽ സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലുള്ള ഇടങ്ങളിൽ പ്രതിജ്ഞാബദ്ധതയോടെയുള്ള എൻ എസ് എസ്, എൻ സി സി കൂട്ടായ്മകളുടെ സേവനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ഓട്ടോണമസ് അംഗീകാരത്തിന്റെ ഭാഗമായ് ദേശീയ തലത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്നതിനായി രാജ്യ- രാജ്യാന്തര തലത്തിൽ മികച്ച റാങ്കിങിലുള്ള യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസ വിചക്ഷണരുമായുള്ള പ്രാരംഭ ചർച്ചകളും നടപടികളും ആരംഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പുതിയ അന്തർദ്ദേശീയ നിലവാരത്തിലുള്ള നിരവധി പുതിയ കോഴ്സുകളും ജോലി സാധ്യതകളും സാധാരണക്കാർക്ക് നൽകാൻ കഴിയും
11 ന് നടക്കുന്ന സപ്തതി ആഘോഷ ചടങ്ങിൽ 70 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റും, ചെലവും നൽകും, ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വേണ്ട സഹായം അന്ന് നൽകും, അനുപോലെ ക്യാൻസർ രോഗികൾക്ക് വേണ്ടി ചികിത്സാ സഹായവും നൽകുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത റവ സി ഡോ ജെ ബിന്‍സി (പ്രിന്‍സിപ്പാള്‍), റവ സി നിർമ്മൽ മരിയ (വൈസ് പ്രിൻസിപ്പാൾ), ഡോ ജൂലി ഡൊമനിക്, ഡോ ഹിത പോള്‍സണ്‍, ഡോ ജസ്റ്റിന്‍ പി ജി, കുമാരി റിമ ഫൈസല്‍ (കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍), കുമാരി അഞ്ജലി എസ് നായര്‍ (കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍) എന്നിവർ പറഞ്ഞു.