ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേതാണ് തീരുമാനം. കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കുമെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. ജോസഫ് ടാര്‍ജറ്റ് ഈ പദവിയിലേക്ക് എത്തുമെന്ന് നേരത്തെയും സൂചനകള്‍ ഉണ്ടായിരുന്നു. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ മാസങ്ങളായി സ്ഥിരം അധ്യക്ഷന്‍ ഇല്ലാത്ത നിലയിലായിരുന്നു കോണ്‍ഗ്രസ്. വി കെ ശ്രീകണ്ഠന്‍ എംപിക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. കെ മുരളീധരന്റെ കൂടി അഭിപ്രായം ആരാഞ്ഞാണ് ജോസഫ് ടാജറ്റിനെ അധ്യക്ഷനാക്കിയത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കോണ്‍ഗ്രസിനെ കനത്ത തിരിച്ചടിയും കൂട്ടത്തല്ലും ആണ് ഡിസിസി പ്രസിഡന്റിന്റെ രാജിയിലേക്ക് നയിച്ചത്. പിന്നാലെ മാസങ്ങളോളം അധ്യക്ഷന്‍ ഇല്ലാത്ത അവസ്ഥ. നിയമനത്തിന് പലകുറി ശ്രമങ്ങള്‍ നടന്നെങ്കിലും ഗ്രൂപ്പ് വിഷയങ്ങളില്‍ ഉടക്കി. ഒടുവില്‍ കെസി വേണുഗോപാലിനോട് അടുത്തു നില്‍ക്കുന്ന ജോസഫ് ടാജറ്റിന് നറുക്കു വീഴുകയായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയിലെ അന്വേഷണം റിപ്പോര്‍ട്ട് പുറത്തുവന്നത് പരിഗണനയില്‍ ഉണ്ടായിരുന്ന മറ്റ് പേരുകള്‍ ഒഴിവാക്കാന്‍ ഇടയാക്കിയെന്നാണ് വിവരം.
എല്ലാവരെയും കൂട്ടിയിണക്കി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. മുകള്‍ തട്ടിലെ മുതിര്‍ന്ന നേതാവ് മുതല്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരെ വരെ കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാകും തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മടങ്ങിവരും. കോണ്‍ഗ്രസിന്റെ വോട്ട് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് മടങ്ങിവരണം എന്നതാണ് ജനങ്ങളുടെ ആഗ്രഹം. ജനങ്ങളുടെ ആഗ്രഹം സാധ്യമാകും – അദ്ദേഹം വ്യക്തമാക്കി.
തൃശൂരില്‍ പഴയത് പോലുള്ള ഗ്രൂപ്പിസം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധികള്‍ മറികടക്കുമെന്നും വ്യക്തമാക്കി. സുരേഷ് ഗോപിയുടെ വിജയത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തിയാകും മുന്നോട്ടുള്ള പ്രവര്‍ത്തനം. കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കും. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.