തൃശൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.
2025 ഫെബ്രുവരി 11 തിങ്കളാഴ്ച തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന യോഗത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നതിനും പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടാനും കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷോബി കെ പോൾ ഇരിങ്ങാലക്കുട, പണിക്കശേരി രഞ്ജിത്, മേഖലാ പ്രസിഡന്റുമാരായ രാധാകൃഷ്ണൻ കൊരവൻകുഴി, രമേശ് പുന്നയൂർക്കുളം, അംഗങ്ങളായ ഫിലിപ്പ് മുളങ്കുന്നത്തുകാവ്, ജോൺസൺ മുളങ്കുന്നത്തുകാവ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന – ജില്ലാ ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സമിതിയുടെ പ്രത്യേക ക്ഷണിതാവായ ഗോപി ചക്കുന്നത്തിനെ വീണ്ടും ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ ജനറൽ സെക്രട്ടറിയായി രമേശ് ചേമ്പിൽ, ട്രഷററായി പ്രമോദ് തൃശ്ശൂർ, വൈസ് പ്രസിഡൻ്റുമാരായി പണിക്കശേരി രഞ്ജിത്, രാജീവ് മുല്ലപ്പിള്ളി, ജോയിൻ്റ് സെക്രട്ടറിമാരായി ഫൈസൽ ചാലക്കുടി, ഷോബി കെ പോൾ ഇരിങ്ങാലക്കുട, ഫിലിപ്പ് അത്താണി, എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വറീത് ചിറ്റിലപ്പിള്ളിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കമ്മിറ്റി നോമിനേറ്റ് ചെയ്തു.