ഗുരുവായൂർ: 2025ലെ കേരള സർക്കാരിൻ്റെ തദ്ദേശ ദിനാഘോഷം 18, 19 തീയതികളിലായി ഗുരുവായൂരിൽ നടക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എൻ. കൃഷ്‌ണദാസ്, തദ്ദേശ സ്വയംഭരണ ജോയിന്റ്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ നഗരസഭ ടൗൺ ഹാൾ, ഗുരുവായൂർ ദേവസ്വം പൂന്താനം ഓഡിറ്റോറിയം, ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരക ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ. സംസ്ഥാന തലത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 3000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഫെബ്രുവരി 14നു വൈകീട്ട് 4.30ന് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ ഗ്രൗണ്ടിൽ എക്‌സിബിഷനോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. അന്നു രാത്രി ഏഴിന് സംഗീതനിശയാണ്. 15നു ടൗൺ ഹാളിൽ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കലാമത്സരം. വൈകീട്ട് നാലിന് വിളംബര ഘോഷയാത്ര, അഞ്ചിനു സാംസ്‌കാരിക സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി ഏഴിനു വാദ്യോപകരണ സം ഗീതനിശ.
18നു ടൗൺഹാളിൽ രാവിലെ 10 മുതൽ കലാപരിപാടികളാണ്. പൂന്താനം ഹാളിൽ രാവിലെ 10 ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി. രാജേഷ് അധ്യക്ഷനാകും. മുൻമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. തുടർന്നു വിവിധ വിഷയങ്ങളിലായി പ്രഗത്ഭർ പ്രഭാഷണം നടത്തും. വൈകീട്ട് ആറു മുതൽ കലാപരിപാടികളാണ്.
19 നു രാവിലെ 9 ന് പ്രതിനിധിസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെ യ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും. ഉച്ചയ്ക്കു 12നു സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി സുരേഷ്ഗോപി വിശിഷ്ടാ തിഥിയാകും.
ചടങ്ങിൽ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ആർ ബിന്ദു എന്നിവർ പങ്കെടുക്കും.