ഗുരുവായൂർ: ഗുരുവായൂർ ശ്രീ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 1 മുതൽ 11 ദിവസങ്ങളിലായി നടന്നു വന്ന ആറാം മഹാരുദ്രയജ്ഞം ചൊവ്വാഴ്ച ഫെബ്രുവരി 11 ന് വസോർധാരയോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് യജ്ഞ മണ്ഡപത്തിൽ സന്നിഹിതനായതോടെ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ശ്രീരുദ്ര ജപത്തോടെ 15ലധികം ആചാര്യൻമാർ പങ്കെടുത്ത അതിപ്രധാനമായ വസോർധാര നടന്നു.
ക്ഷേത്രത്തിൽ വസോർധാരയും, അഭിഷേകത്തിനും ദർശനത്തിനുമായി വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. കേളി, നാദസ്വരം, ചുറ്റുവിളക്ക്, ബ്രാഹ്മണിപ്പാട്ട്, കലാപരിപാടികൾ, പ്രഭാഷണം, നാരായണീയം പാരായണം, പറസമർപ്പണം, രാവിലെ ലഘുഭക്ഷണം, ഉച്ചക്ക് അന്നദാനം എന്നിവയും ദിവസവും ഉണ്ടായിരുന്നു. സമാപന ദിവസമായ ചൊവ്വാഴ്ച 3000 ത്തോളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ നടന്ന വിഭവസമൃദ്ധമായ അന്നദാനത്തിൽ പങ്കെടുത്തു.