ഗുരുവായൂർ: ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് മുൻ തദ്ദേശ മന്ത്രിയും, കുന്നംകുളം നിയോജക മണ്ഡലം എം എൽ എ എ സി മൊയ്‌തീൻ ഉദ്ഘാടനം നിർവഹിച്ചു.
ജനപ്രതിനിധികളും ജനങ്ങളും ഉന്നയിക്കുന്ന വിഷയങ്ങൾ നിയമവിധേയമായി വേഗത്തിൽ നടത്തുകയാണ് തദ്ദേശ ജീവനക്കാരുടെ ദൗത്യമെന്ന് മൊയ്തീൻ പറഞ്ഞു. സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ, ഗുരുവായൂർ നഗരസഭാധ്യക്ഷൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ, എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്തുകൾ, നഗരസഭകൾ, കുടുംബശ്രീ, ഹരിത കേരള മിഷൻ എന്നിവയുടെ 85 ഓളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.