ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രോത്സവം 2025 ന് 4,55,83,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചതായി ദേവസ്വം ചെയർമാൻ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് 35,10,000രൂപയും, കലാപരിപാടികൾക്ക് 42,00,000 രൂപയും, വൈദ്യുത അലങ്കാരത്തിന് 19,00,000 രൂപയും, വാദ്യത്തിന് 25,00,000 രൂപയും, പ്രസാദ ഊട്ട് പകർച്ച എന്നിവക്ക് 3,34,73,000 രൂപയും ആണ് വകയിരുത്തിയിരിക്കുന്നത്.
ക്ഷേത്രത്തില്‍ തത്വകലശാഭിഷേകം ശനിയാഴ്ച നടന്നു. സഹസ്രകലശാഭിഷേകം ഞായറാഴ്ചയും നടക്കും. ഞായറാഴ്ച്ച രാവിലെ ഏഴിന് ശേഷം കൂത്തമ്പലത്തില്‍ നിന്ന് ആയിരം കലശം കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്ത് എത്തിക്കും. തന്ത്രി അഭിഷേകം ചെയ്യും. ബ്രഹ്മകലശം വാദ്യ ഘോഷങ്ങളോടെ ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ ചടങ്ങ് പൂര്‍ണമാകും.
തിങ്കളാഴ്ച രാവിലെ ആനയില്ലാ ശീവേലി, ഉച്ചകഴിഞ്ഞ് മൂന്നിന് ആനയോട്ടം എന്നിവ നടക്കും. ആനയോട്ടത്തില്‍ മൂന്ന് ആനകളാണ് പങ്കെടുക്കുക. ഓടേണ്ട മൂന്ന് ആനകളെ ഞായറാഴ്ച ബ്രഹ്മകലശത്തിന് ശേഷം നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. തിങ്കളാഴ്ച രാത്രി കൊടിയേറ്റത്തോടെ 10 ദിവസത്തെ ഉത്സവത്തിന് തുടക്കമാകും.
ഈ വര്‍ഷം നാല് വേദികളിലായാണ് കലാപരിപാടികള്‍ നടക്കുക. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന് പുറമെ കിഴക്കെ നടയില്‍ വൈഷ്ണവം, രുദ്രതീര്‍ത്ഥക്കുളത്തിന് കിഴക്ക് ഭാഗത്ത് വൃന്ദാവനം, അനുഷ്ഠാന കലകള്‍ക്കായി വൈകുണ്ഠം എന്നീ മൂന്ന് വേദികള്‍ കൂടി സജ്ജീകരിക്കും. ഇത്തവണ 1000ഓളം തിരുവാതിരക്കളി സംഘങ്ങളാണ് പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 476 ടീമുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വൃന്ദാവനം വേദിയിലാണ് തിരുവാതിരക്കളികള്‍ അരങ്ങേറുക.
പള്ളിവേട്ട ദിനത്തിൽ ഓരോ വേഷത്തോടൊപ്പം അഞ്ച് ഭക്തർക്ക് മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. മൂന്ന് പ്രദിക്ഷണം കഴിഞ്ഞാൽ വേഷം കെട്ടിയവർ പുറത്തേക്ക് പോകേണ്ടതാണ്
പള്ളിവേട്ട ആറാട്ട് ദിനങ്ങളിൽ ക്ഷേത്രത്തിലും ദേവസ്വം മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുന്ന ആനച്ചമയങ്ങൾ ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കൾ ഭക്തർക്ക് കാണുന്നതിനായി തെക്കേനടയിലെ കൃഷ്ണ ഗീതി ഹാളിൽ ചമയ പ്രദർശനം ഒരുക്കും
ഇത്തവണ പ്രസാദ ഊട്ടിനും പകര്‍ച്ചക്കും പഴയിടം മോഹനന്‍ നമ്പൂതിരിയാണ് നേതൃത്വം നല്‍കുക. ഉത്സവത്തിന്റെ ഭാഗമായ പ്രസാദ ഊട്ടും പകര്‍ച്ചയും ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. കഞ്ഞിയും, ഇടിച്ചക്കയും മുതിരയും കൊണ്ടുള്ള പുഴുക്കുമാണ് രാവിലെ വിഭവങ്ങള്‍. അതിന് പുറമെ തേങ്ങാപ്പൂള്, ശര്‍ക്കര, പപ്പടം എന്നിവയും ഉണ്ടാകും. വൈകീട്ട് ചോറ്, രസകാളന്‍, ഓലന്‍, പപ്പടം എന്നിവയാണ് വിഭവങ്ങള്‍. ദേവസ്വം ജീവനക്കാര്‍ക്കും അവകാശികള്‍ക്കും കഞ്ഞിയും വിഭവങ്ങളും വീട്ടിലേക്ക് പകര്‍ച്ചയായി നല്‍കുകയും ചെയ്യും. ഉത്സവം എട്ടാം നാള്‍ വരെയാണ് കഞ്ഞിയും പകര്‍ച്ചയും നല്‍കുക. എട്ടാം നാളില്‍ എല്ലാവര്‍ക്കുമായി ദേശപകര്‍ച്ച നല്‍കും.
തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, എം രാധ എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.