ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണ്ണക്കിരീടം. 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചു.
തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കഴിഞ്ഞ ദിവസം കാലത്ത് 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിൽ കിരീടം സമർപ്പിച്ചത്.

ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി മാനേജർമാരായ കെ രാമകൃഷ്ണൻ, കെ കെ സുഭാഷ്, സി ആർ ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സന്നിഹിതരായി.
സമർപ്പണശേഷം ദർശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാർത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റ് നൽകി.