BEYOND THE GATEWAY

 കേന്ദ്ര ബജറ്റ്: പ്രതികരിക്കാതെ സുരേഷ് ഗോപി

കേന്ദ്ര ബജറ്റിൽ കേരളത്തിന് യാതൊന്നും ലഭിച്ചില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന് രണ്ട് മന്ത്രിമാരെ മാത്രമേ ലഭിച്ചുള്ളൂ, പദ്ധതികളൊന്നും ലഭിച്ചില്ല എന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് ‘ആരോപിച്ചോട്ടെ’ എന്നായിരുന്നു മറുപടി. മാധ്യമ പ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് ഇടനൽകാതെ അദ്ദേഹം നടന്നു പോകുകയും ചെയ്തു.

കേരളത്തിൽ നിന്ന് ചരിത്രത്തിലാദ്യമായി ഒരു ബിജെപി എംപി വന്നപ്പോൾ വലിയ പ്രതീക്ഷയാണ് രൂപപ്പെട്ടിരുന്നത്. ഇരിങ്ങാലക്കുടയില്‍ എയിംസ് വരുമെന്നും, ലൂർദ്ദ് – വേളാങ്കണ്ണി സ്പിരിച്വൽ സർക്യൂട്ട് കൊണ്ടുവരുമെന്നുമെല്ലാം സുരേഷ് ഗോപി തന്നെ പ്രസ്താവിച്ചിരുന്നു. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടുന്ന കാര്യവും സുരേഷ് ഗോപിയുടെ പദ്ധതികളിൽ ഉണ്ടായിരുന്നതാണ്. എന്നാല്‍ കേരളവുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായില്ല ബജറ്റില്‍.

ചെങ്ങന്നൂർ-പമ്പ പാതയും, ശബരി പാതയുമെല്ലാം കേരളത്തിന്റെ പ്രതീക്ഷകളിൽ ഉണ്ടായിരുന്നതാണ്. ശബരി പാതയ്ക്കു വേണ്ടി സ്ഥലമേറ്റെടുപ്പ് നടത്തി പൂർത്തീകരിക്കാത്തതിനാൽ പ്രദേശവാസികൾ ദുരിതം അനുഭവിക്കുന്ന സ്ഥിതിയാണ്. എന്നാൽ റെയിൽവേ എന്ന വാക്കുപോലും ബജറ്റിൽ ഒരുവട്ടം മാത്രമാണ് കേട്ടത്. റെയിൽവേ പദ്ധതികളൊന്നും തന്നെ നിർമല സീതാരാമൻ പ്രഖ്യാപിച്ചില്ല.

24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. അതിൽപ്പറഞ്ഞ ഒരു പദ്ധതിക്കും നീക്കിവെപ്പുണ്ടായില്ല. ഈ ബജറ്റ് വട്ടപൂജ്യമാണെന്ന് കോണ്‍ഗ്രസ് എംപി കെ. സുധാകരന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം ഒന്നിച്ച് നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം ബി.ജെ.പി മറന്ന മട്ടാണെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രസ്താവന. കേന്ദ്രബജറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നും ഈ ബജറ്റില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള പ്രമാണമായി കേന്ദ്ര ബജറ്റ് മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കാഴ്ച്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സതീശൻ വാാർത്താകുറിപ്പിലൂടെ അറിയിച്ചു.

കേരളത്തിൽ നിന്ന് എംപിയെ ജയിപ്പിച്ചാൽ വാരിക്കോരി കിട്ടുമെന്ന പ്രചാരണം പൊള്ളയായിരുന്നെന്ന് തെളിഞ്ഞതായി വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റിട്ടും കോർപ്പറേറ്റ് ദാസ്യം വെടിയാൻ കേന്ദ്രം തയ്യാറായില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...