ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തുന്നത് തടയണമെന്ന ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു .നാളെ രാവിലെയാണ് 6:18 നാണ് ഇല്ലം നിറ.
കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള ദേവസ്വം ഭരണാസമിതി തീരുമാനം ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്താണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.അതിനാൽ ഇടപെടാൻ ആവില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഭക്തജനങ്ങൾക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂജ കൊടിമരച്ചുവട്ടിൽ നടത്താൻ തീരുമാനിച്ചതെന്നു ദേവസ്വം സ്റ്റാൻഡിങ് കൗൺസൽ റ്റി കെ വിപിൻദാസ് കോടതിയിൽ ബോധിപ്പിച്ചു.
പൂജ നമസ്കാര മണ്ഡപത്തിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചേന്നാസ് മനയിലെ പി സി കൃഷ്ണനും മറ്റും ഹർജി സമർപ്പിച്ചത്. ഹർജിക്കാർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ക്ഷേത്രത്തിലെ തിരക്ക് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായകരമാവുമെന്നും ദേവസ്വം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്ന് പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്. ഇതോടെ കൂടുതൽ ഭക്തർക്ക് മഹാലക്ഷ്മി പൂജ ദർശിച്ച ശേഷം ഗുരുവായൂരപ്പ ദർശന സായൂജ്യം നേടാൻ അവസരം ലഭിക്കും. വരിയിൽ നിൽക്കുന്ന ഭക്തരുടെ കാത്തിരിപ്പ് സമയവും കുറയുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു