BEYOND THE GATEWAY

നിറ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ: കതിർ പൂജ ദർശിച്ച് ഭക്ത സഹസ്രങ്ങൾ

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രമായി.

ഇത്തവണ ക്ഷേത്രം കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപം നടന്ന കതിർ പൂജ ദർശിക്കാൻ കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീ ഗുരുവായൂരപ്പ ദർശന സായൂജ്യം കൂടി ഭക്തർക്ക് നേടാനായി. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ഭക്തർക്ക് ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം.

ഞായറാഴ്ച രാവിലെ 6.18 മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ഭക്തി സാന്ദ്രമായ ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുര വാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. കീഴ്ശാന്തി നമ്പൂതിരിമാർ കതിരുകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു. ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി ബ്രഹ്മശ്രീ പി എസ് മധുസൂദനൻ നമ്പൂതിരി കതിർ പൂജ നിർവ്വഹിച്ചു. പൂജിച്ച കതിർക്കറ്റകൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കതിർകറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി.

ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണസമിതി അംഗം കെ പി വിശ്വനാഥൻ അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം ആഗസ്റ്റ് 28നാണ്. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിൻ്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും ശ്രീഗുരുവായൂരപ്പന് നേദിക്കും. വിശേഷാൽ പുത്തരി പായസം ഏറെ പ്രധാനമാണ്.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...