BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോൽസവം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2024 വർഷത്തെ  അഷ്ടമി രോഹിണി മഹോത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി. അഷ്ടമിരോഹിണി സുദിനമായ ആഗസ്റ്റ് 26 തിങ്കളാഴ്ച  ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം  ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ  സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും ദേവസ്വം ഭരണ സമിതി മുൻഗണന നൽകുന്നത്. ഭക്തരുടെ സൗകര്യാർത്ഥം അന്നേ ദിവസം നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഇതിനാൽ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. 

അഷ്ടമി രോഹിണി നാളിൽ  അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വി ഐ പി. സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മണി മുതൽ  നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ 5.30 മണിവരെയും വൈകിട്ട് 5 മുതൽ 6 മണി വരെ മാത്രമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിൽ നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദർശനത്തിന് പൊതുവരി സംവിധാനം (ജനറൽ ക്യൂ ) മാത്രം നടപ്പിലാക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും.

അഷ്ടമിരോഹിണി ആഘോഷത്തിന് 35.8 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്. വിശേഷാൽ പ്രസാദ ഊട്ടിനാണ് ഏറെയും 25,55,000 രൂപ. പ്രധാന വഴിപാടായ അപ്പത്തിന് 7.25ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. പാൽപ്പായസത്തിന്  8.08  ലക്ഷം രൂപ. അഷ്ടമിരോഹിണി വിശേഷാൽ വാദ്യത്തിന് പ്രശസ്തർ പങ്കെടുക്കും. അതുപോലെ അഷ്ടമിരോഹിണി നാളിൽ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും.

ദർശനം ലഭിച്ച ഭക്തർ കഴിയുന്നതും വേഗം പടിഞ്ഞാറേ നടവഴിയോ ഭഗവതി ക്ഷേത്രം നട വഴിയോ പുറത്തെത്തണം. എന്നാലേ കാത്തിരിക്കുന്ന മറ്റു ഭക്തർക്ക് സുഖദർശനം സാധ്യമാകൂ.ക്ഷേത്ര ദർശനത്തിനുള്ള പൊതുവരിസംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലോ ഭക്തജനങ്ങൾക്ക് വരിനിൽപ്പിന് സൗകര്യം ഒരുക്കുമെന്നും ദേവസ്വം അറിയിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...