ഗുരുവായൂർ: മമ്മിയൂർ ദേവസ്വം എല്ലാ വർഷവും നൽകി വരുന്ന , ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം ഈ വർഷം പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജമണിക്ക് .
ഒക്ടോബർ 3 ന് രാവിലെ 9.30ന് മമ്മിയൂർ ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ അദ്ധ്യാത്മിക ഹാളിൽ നടക്കുന്ന നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി പുരസ്കാരം സമർപ്പിക്കുന്നതാണ്.
15001 രൂപയും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്കാര . വി പി ഉണ്ണികൃഷ്ണൻ, വി.പി ആനന്ദൻ, ആർ പരമേശ്വരൻ എന്നിവർ അടങ്ങിയ പുരസ്കാര നിർണയ കമ്മിറ്റി ആണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുതത്ത്
ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് മുഖ്യാതിഥിയായിരിക്കും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു, മണ്ണൂർ രാജകുമാരനുണ്ണി, വാർഡ് കൗൺസിലർ രേണക ശങ്കർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റൻ്റ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ, ട്രസ്‌റ്റി ബോർഡ് അംഗങ്ങളായ കെ കെ. ഗോവിന്ദ് ദാസ്, പി സുനിൽ കുമാർ, കെ കെ വിശ്വനാഥൻ, പാരമ്പര്യ ട്രസ്‌റ്റിയുടെ പ്രതിനിധി രവീന്ദ്ര വർമ്മ രാജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും
ഗുരുവായൂർ ജി.കെ. രാജമണി : ഗുരുവായൂർ സ്വദേശിയായ ജി എസ് കൃഷ്‌ണയ്യരുടേയും മീനാക്ഷിയുടെയും ആറ് മക്കളിൽ അഞ്ചാമനായി ജനനം. പത്താം വയസ്സിൽ ചിറ്റൂർ ഗോപാലകൃഷ്‌ണനിൽ നിന്നും വയലിൻ പഠനം ആരംഭിച്ചു. രാജാമണിയുടെ സഹോദരനായ പ്രശസ്ത മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈയോടൊപ്പം മദ്രാസിലെത്തുകയും തുടർന്ന് വെസ്റ്റേൺ വയലിൻ അഭ്യസിക്കുകയും ചലച്ചിത്ര സംഗീത രംഗത്ത് പ്രവർത്തിക്കുകയും ചെയ്‌തു. കർണ്ണാട്ടിക് സംഗീതവും ചല ച്ചിത്രഗാനങ്ങളും ഉൾപ്പെടുത്തി നിരവധി വയലിൻ കച്ചേരികൾ നടത്തി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രശസ്‌തരായ നിരവധി സംഗീത സംവിധായകർക്കുവേണ്ടി വയലിൻ വായിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഗുരുവായൂർ ചെമ്പൈ സംഗീതോത്സ വേദിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാജാമണി.
നവതിയിലേക്കടുക്കുന്ന രാജാമണി ഇപ്പോൾ പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്താണ് താമസം. പരേതരായ ജയ ഭാര്യയും ഉമ മകളുമാണ്.