ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിൽ ഭക്തരുടെ മനം കവർന്ന ഉറിയടി, ഗോപികാനൃത്തം, മയൂരനൃത്തം, രാധാമാധവന്യത്തം എന്നിവയിലെ കണ്ണന്മാരും ഗോപികമാരും ശനിയാഴ്ച്ച തിരുപ്പതിക്ക് പുറപ്പെടും. വൈകിട്ട് 6ന് തെക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡ് ചെയർമാൻ അഡ്വ കെ ബി മോഹൻദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി വി ചന്ദ്രമോഹൻ എന്നിവർ ഗുരുവായൂരപ്പൻ്റേയും തിരുപ്പതി ഭഗവാൻറേയും ചിത്രങ്ങൾ ആലേഖനം ചെയ്ത കൊടിക്കൂറകളും കൃഷ്‌ണവിഗ്രഹങ്ങളും ടീം ലീഡർമാർക്ക് നല്‌കി യാത്രാമംഗളങ്ങൾ നേരും. ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെ പി വിനയൻ ആരതി യുഴിഞ്ഞ് സംഘത്തെ യാത്രയാക്കും. ടെമ്പിൾ സ്റ്റേഷൻ എസ് എച്ച് ഒ അജയകുമാർ മുഖ്യാതിഥിയാകും.
തിരുപ്പതി ബ്രഹ്മോത്സവത്തിലെ സവിശേഷമായ ഗരുഡ സേവാ ദിനത്തിൽ ഭഗവാൻ പുറത്തേക്കെഴുന്നള്ളുമ്പോൾ ഭാരതത്തിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള ക്ഷേത്രകലകൾ അകമ്പടിയാകും. കേരളത്തിൽ നിന്ന് ആറിനങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. അതിൽ അഞ്ചെണ്ണവും ജന്മാഷ്‌ടമി സുദിനത്തിൽ ഗുരുപവനപുരിയെ വൃന്ദാവനമാക്കിയ ഇനങ്ങളാണ്. ക്ഷേത്രവീഥിയിൽ ഇവ ഓരോന്നും അവതരിപ്പിക്കുമ്പോൾ കേരളം എന്നെഴുതിയ പ്ലക്കാർഡിനോടൊപ്പം ഗുരുവായൂരിൻ്റെ അടയാളമായി, വിശിഷ്ടാതിഥികൾ കൈമാറിയ കൃഷ്‌ണ വിഗ്രഹങ്ങളും കൊടിക്കൂറകളും കലാ സംഘം കയ്യിലേന്തും ജന്മാഷ്‌ടമി സുദിനത്തിൽ ഗുരുപവനപുരിയെ അമ്പാടിയാക്കി മാറ്റുന്ന ലോക പ്രശസ്‌തമായ ഉറിയടി, ഗോപികാനൃത്തം, രാധാ മാധവ നൃത്തം, മയൂരനൃത്തം എന്നിവയാണ് കേരളത്തെ പ്രതിനിധീകരിച്ച് ഇക്കുറി ബ്രഹ്മോത്സവ ആഘോഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതോടൊപ്പം തിരുവാതിരകളിയും മോഹിനിയാട്ടവും അവതരിപ്പിക്കും.
ഗുരുവായൂർ നായർ സമാജ ത്തിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ അഷ്‌ടമിരോഹിണി ആഘോഷക്കമ്മിറ്റിയാണ് ഇതിനുള്ള കലാസംഘത്തെ തയ്യാറാക്കുന്നത്. തിരുപ്പതി ദേവസ്വവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പാലക്കാട് ശ്രീ ശ്രീനിവാസസേവാ ട്രസ്റ്റ് ഇവർക്കുള്ള സൗകര്യങ്ങൾ ഒരുക്കും. ഇതിനുള്ള ഒരുക്കങ്ങൾ ട്രസ്റ്റി അംഗങ്ങളായ കെ ആർ ദേവദാസ് (തിരുപ്പതി മഹാദേവയ്യർ), എസ് കെ മീനാക്ഷി, വിനോദ് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.