ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ സംസ്കൃത ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാട്ടം സോദാഹരണ സദസ് കൗതുകമായി. കൂടിയാട്ടത്തിന്റെ അറിവ് പകരാൻ രണ്ടാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർഥിനിയായ കലാമണ്ഡലം മീര കൃഷ്ണയുടെ സഹപാഠികൾ തന്നെ അതിഥികളായി എത്തി. കോളേജ് ഓഡിറ്റോറിയത്തിൽ സംസ്കൃത വിഭാഗം മേധാവി ഡോ. ജസ്റ്റിൻ ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങ് , കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ജെ. ബിൻസി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ബിരുദ വിദ്യാർത്ഥികളുടെ പാഠ്യവിഷയമായ കൂടിയാട്ടത്തിന്റെ അവതരണത്തിലൂടെ ഈ കലയെ കുറിച്ച് കൂടുതൽ അറിയുവാൻ കുട്ടികൾക്ക് സാധിച്ചു. മീരകൃഷ്ണക്കൊപ്പം കലാമണ്ഡലത്തിലെ തൻ്റെ സഹപാഠികളായ കലാമണ്ഡലം ആഷ്കി ( രണ്ടാം വർഷ ബി.എ. കൂടിയാട്ടം), കലാമണ്ഡലം സാഗർ ബാബു ( മൂന്നാം വർഷ ബി.എ. മിഴാവ് ) എന്നിവർ അതിഥികളായി എത്തി കൂടിയാട്ടം അവതരിപ്പിച്ചു. പള്ളിപ്പുറം സ്വദേശികളായ ഷർമിള ദമ്പതികളുടെ മകളാണ് മീര കൃഷ്ണ. ശൂർപ്പണഖാംഗം, സുഭദ്രാധനജ്ഞയം തുടങ്ങിയവയിലെ പ്രസക്തഭാഗങ്ങളും സാത്വികഭിനയസമ്പ്രദായവും നേത്രാഭിനയവും ചാരിനൃത്തസമ്പ്രദായവും കുട്ടികൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ ഫ്ളവർ കോളേജ് മൂന്നാം വർഷ ബി.എ. മലയാളം വിദ്യാർഥിനിയായ സിസ്റ്റർ അലീന നന്ദിയും പ്രകാശിപ്പിച്ചു.