കോഴിക്കോട്: എം. ടി. യ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വരുന്നവർ പുഷ്‌പചക്രം കൊണ്ടു വരേണ്ട, പകരം ഒരു പുസ്‌തകം കൊണ്ടുവരൂ… എന്ന് പൊതുജനത്തോട് പറയണമെന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു. എന്നാൽ ബേബി മെദമ്മാറിയൽ ആശുപ്രതിയുടെ ഐ. സി. യു. വിൽ നിന്നും തണുത്തുവിറങ്ങലിച്ച ആ വാർത്ത പുറത്ത് കാത്ത് നിൽക്കുന്ന എന്നെയും സാവധാനം പൊതിഞ്ഞപ്പോൾ. പിന്നെ ആകെ ഒരു മരവിപ്പായിരുന്നു. അതിനുശേശഷം അന്ത്യയാത്രാചടങ്ങുകൾ സാർ ആഗ്രഹിച്ചവിധം ലളിതമായും സമയനിഷ്‌ഠതയോടെയും നടത്താൻ കുടുംബത്തോടൊപ്പം സമർപ്പണമനസോടെ പ്രവർത്തിക്കുക എന്നത് മാത്രമായിരുന്നു ചിന്ത. ആ കർത്തവൃത്തിനിടയിൽ ഇങ്ങനെ ഒരു ആശയം യഥാസമയം പുറം ലോകത്തെ അറിയിക്കാൻ കഴിയാതെ വന്നതിൽ ഞാൻ നിരാശനാണ്. അതിന് സാധിച്ചിരുന്നെങ്കിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ അന്ത്യാർച്ചനയായി എത്തുമായിരുന്നു. പല സാംസ്കാരിക പദ്ധതികളെക്കുറിച്ചും ഞാൻ സാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. (സ്വന്തമായി കിടപ്പാടമില്ലാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ഗായകകുടുംബങ്ങൾക്ക് സ്നേഹവീടുകൾ നിർമ്മിച്ചുനൽകിയ ടെലിവിഷൻ പദ്ധതിയായ സ്ട്രീറ്റ് ലൈറ്റ് അത്തരമൊരു ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയമാണ്) അടുത്ത തലമുറയെ വായനയ്ക്ക് പ്രേരിപ്പിക്കുക. അതിനുതകുന്ന പദ്ധതികൾ നടപ്പിലാക്കുക. സാർ ആഗ്രഹിച്ചത് അതുമാത്രമാണ്. ഇവിടെ നിർമ്മിക്കപ്പെടുന്ന സ്മാരകങ്ങളുടെ അർത്ഥശൂന്യതയെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കുക. അറിവ് വളർത്തുക.. അതിനുഗുണകരമാകുന്ന സ്‌മാരകങ്ങളാണ് ഉണ്ടാവേണ്ടത്.. വായനയിൽ നിന്നും അകന്ന് പോകുന്ന തലമുറയെക്കുറിച്ച് സാറിന് ഉൽകണ്ഠയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും വൈകിയിട്ടില്ല എന്ന തോന്നലിൽ ഈ ആശയം ഞാനിവിടെ കുറിക്കുന്നത്.
ഇനി എം. ടി. അനുസ്മരണങ്ങളുടെ കാലമാണ്. സാഹിത്യ സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ. കലാലയങ്ങൾ…. മലയാള സാഹിത്യത്തെയും ഭാഷയെയും സ്നേഹിക്കുന്നവർ എം ടി അനുസ്‌മരണ ചടങ്ങുകൾ നടത്തുന്ന കാലം. അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരോടെല്ലാം ഒരു പുസ്‌തകം കൂടി കൊണ്ടുവരാൻ സംഘാടകർ പറയു. സ്വന്തം അലമാരയിൽ നിന്നെടുത്തതോ പുതിയതായി വാങ്ങിച്ചതോ ആകാം. ഒരു പുസ്തകം. ആദ്യ പേജിൽ പേരും വിലാസവും ഒപ്പും വെക്കുക. അങ്ങനെ ഓരോ അനുസ്‌മരണ ചടങ്ങുകൾ കഴിയുമ്പോൾ നൂറുകണക്കിന് പുസ്‌തകങ്ങൾ ലഭിക്കും. അവ സ്വന്തമായി ലൈബ്രറിയില്ലാത്ത ഏതെങ്കിലും സ്കൂളിനോ ക്ലബ്ബിനോ നൽകാം. അതിലൂടെ അടുത്ത തലമുറയുടെ വായനയെ പ്രോത്സാഹിപ്പിക്കാം. എം. ടി. യ്ക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ആദരം അതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് തുടങ്ങാം. എം. ടി. പുസ്തകാർച്ചന. എം.ടി എക്സിക്യൂട്ടീവ് ചെയർമാനായ ന്യൂസ് വാല്യു പ്രൊഡക്ഷൻസിൻ്റെ ഡയറക്ടറും , സിനിമാ – പരസ്യ സംവിധായകനും എഴുത്തു കാരനുമായ സുധീർ അമ്പലപ്പാട് തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് എം.ടി യ്ക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ആദരം എന്ന നിലക്ക് ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനകം തന്നെ കേരള ത്തിലെ വിവിധ സാസ്കാരിക സംഘടനക കൾ “എം.ടി പുസ്തകാർച്ചന ” എന്ന ആശയം പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.
